ജയിൽവാസത്തിൽ നിന്ന് രക്ഷ നേടാൻ നെതന്യാഹു വിലയ്ക്കുവാങ്ങിയ യുദ്ധം; ഇസ്രഈലി ദിനപത്രത്തിന്റെ മുഖപ്രസംഗം
ജറുസലേം: ഇസ്രഈൽ-ഗാസ യുദ്ധത്തിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് ഇസ്രഈലിലെ പ്രമുഖ ദിനപത്രം ഹാരെറ്റ്സിന്റെ മുഖപ്രസംഗം.
പിടിച്ചടക്കലിന്റെയും പുറത്താക്കലിന്റെയും സർക്കാർ സ്ഥാപിച്ചുകൊണ്ട് നെതന്യാഹു ബോധപൂർവം ഇസ്രാഈലിനെ അപകടത്തിലേക്ക് തള്ളിവിട്ടുവെന്നും ഫലസ്തീനികളുടെ അസ്തിത്വത്തെയും അവകാശവാദങ്ങളെയും പരസ്യമായി അവഗണിച്ച വിദേശ നയമാണ് നടപ്പാക്കിയതെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
പ്രധാന സ്ഥാനങ്ങളിൽ ബെസാലേൽ സ്‌മോട്രിച്ചിനെയും ഇതാമർ ബെൻ ഗ്വിറിനെയും നിയോഗിച്ചതും തിരിച്ചടിയായെന്ന് ഹാരെറ്റ്സ് പറയുന്നു.
ഇസ്രഈലിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള മൂന്നാമത്തെ പത്രമാണ് ഹാരെറ്റ്സ്.
ഹമാസിൽ നിന്നുള്ള തിരിച്ചടിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് നെതന്യാഹു ഒഴിഞ്ഞുമാറുമെന്നും കുറ്റം സൈന്യത്തിന്റെ മേധാവികൾക്ക് മേൽ ചുമത്തുമെന്നും ഹാരെറ്റ്സ് വിമർശനം ഉന്നയിച്ചു.
എന്നാൽ സൈനിക, രഹസ്യാന്വേഷണ പരാജയ പ്രതിസന്ധിയുടെ മൊത്തത്തിലുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് നെതന്യാഹു ഒഴിവാകുന്നില്ല. കാരണം ഇസ്രയേലി വിദേശ, സുരക്ഷാ കാര്യങ്ങളുടെ ആത്യന്തിക ചുമതല നെതന്യാഹുവിനാണ് ഉള്ളതെന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു.
ഇസ്രഈലിലെ പൊതുജനം അംഗീകരിക്കുന്ന വിധം വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഫലസ്തീൻ ദേശീയ മുന്നേറ്റത്തെ ഇല്ലാതാക്കുന്നതിനുള്ള മുൻ സർക്കാരിന്റെ നയങ്ങളെ ഉത്തേജിപ്പിച്ചത് നെതന്യാഹുവാണെന്നും ഹാരെറ്റ്സ് കുറ്റപ്പെടുത്തി.
‘മുമ്പ്, ഇസ്രഈലിന്റെ ഭാഗത്ത് നിന്ന് യുദ്ധങ്ങളും മരണങ്ങളും ഒഴിവാക്കുന്ന ശ്രദ്ധാലുവായ നേതാവായാണ് നെതന്യാഹു അദ്ദേഹത്തെ സ്വയം അവതരിപ്പിച്ചത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം തന്റെ നിലപാടുകളിൽ നിന്ന് മാറി, വെസ്റ്റ് ബാങ്ക് പിടിച്ചടക്കാനും ഹീബ്രോൺ കുന്നുകളിലും ജോർദാൻ താഴ്‌വരയിലും വംശഹത്യ നടത്താനും നീക്കങ്ങൾ നടത്തിയ ‘തീവ്ര വലതുപക്ഷ സർക്കാർ’ ആവുകയായിരുന്നു അദ്ദേഹം.
ഇതിന് പുറമേ അൽ അഖ്സ മസ്ജിദിന് സമീപം ജൂത സെറ്റിൽമെന്റുകൾ കൊണ്ടുവരികയും ഫലസ്തീനികൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത, സൗദിയുമായുള്ള കരാറുകളെ കുറിച്ച് പൊങ്ങച്ചം പറയുകയും ചെയ്തു.
പ്രതീക്ഷിച്ച പോലെ വെസ്റ്റ് ബാങ്കിൽ പൊട്ടിത്തെറികൾ ഉണ്ടായി. ഇസ്രഈലി അധിനിവേശത്തിന്റെ ഭാരം ഫലസ്തീനികൾ അനുഭവിക്കാൻ തുടങ്ങി. ഈ അവസരം മുതലെടുത്താണ് ശനിയാഴ്ച ഹമാസ് അപ്രതീക്ഷിതമായ ആക്രമണങ്ങൾ നടത്തിയത്,’ ഹാരെറ്റ്സ് പറയുന്നു.
ഇസ്രഈലിനെ കാത്തിരിക്കുന്ന അപകടങ്ങൾ ഇതിനകം വെളിപ്പെട്ടുവെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
‘മൂന്ന് അഴിമതി കേസുകളിൽ ഉൾപ്പെട്ട പ്രധാനമന്ത്രിക്ക് രാഷ്ട്രചുമതലകൾ ഇനി കൈകാര്യം ചെയ്യാൻ സാധിക്കില്ല. കാരണം അദ്ദേഹത്തെ ജയിൽ ശിക്ഷയിൽ നിന്നും മോചിപ്പിക്കുന്നതിന് ദേശീയ താത്പര്യങ്ങൾ കൂടി അനുകൂലമാകേണ്ടതുണ്ട്,’ ഹാരെറ്റ്സ് ചൂണ്ടിക്കാട്ടി.
Content Highlight: Netanyahu bears responsibility for Israel-Gaza war says Israeli newspaper Haaretz