കോഴിക്കോട്: ഏഴു പതിറ്റാണ്ട് കോൺസൺട്രേഷൻ ക്യാമ്പിൽ കഴിഞ്ഞ ഫലസ്തീൻ ജനത നടത്തുന്ന ചെറുത്തുനിൽപിനെ ഭീകരവാദമെന്ന് പറയരുതെന്നും അത് പ്രതിരോധമാണെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. താൻ ഫലസ്തീനൊപ്പമാണെന്നും മനസാക്ഷിയുള്ള ആർക്കും ഇസ്രഈൽ ഫലസ്തീനിൽ നടത്തുന്ന അക്രമത്തെ അപലപിക്കാതിരിക്കാൻ സാധിക്കില്ലെന്നും ഷംസീർ പറഞ്ഞു.
നിരപരാധികളായ മനുഷ്യർ മരിച്ചുവീഴുമ്പോൾ സ്പീക്കർക്കും രാഷ്ട്രീയമുണ്ടെന്നും എന്നാൽ ഹമാസിന്റെ അക്രമത്തെ ന്യായീകരിക്കുന്നില്ലെന്നും ഷംസീർ വ്യക്തമാക്കി.
പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കുന്ന നെതന്യാഹുവിന് നമ്മുടെ ഭരണകർത്താക്കൾ പിന്തുണ പ്രഖ്യാപിക്കുന്നത് ലജ്ജാകരമാണെന്നും ഷംസീർ പറഞ്ഞു.
‘മഹാത്മാ ഗാന്ധിയിൽ നിന്നും മോദിയിലേക്ക് എത്തുമ്പോൾ ആളുകളെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ പക്ഷത്താണെന്ന് ഭരണകൂടം പ്രഖ്യാപിക്കുന്നു. ഇത് അങ്ങേയറ്റം ലജ്ജാകരമാണ്. സ്പീക്കർക്ക് രാഷ്ട്രീയമുണ്ടോ എന്ന് പലരും ചോദിക്കും. മനുഷ്യൻ മരിച്ചു വീഴുമ്പോൾ സ്പീക്കർക്ക് രാഷ്ട്രീയമുണ്ട്.
നെതന്യാഹുവിന്റേതുപോലെ തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യമാണ് മോദിയുടേതും. ദിവസങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ രൂപംകൊടുത്ത നമ്മുടെ ഭരണഘടനയിൽ മതനിരപേക്ഷത എത്രകാലം നിലനിൽക്കുമെന്നതിൽ ആശങ്കയുണ്ട്. ഗസയിലെ ആശുപത്രികളും അഭയാർഥി ക്യാമ്പുകളും തകർക്കപ്പെടുമ്പോൾ യു.എൻ നോക്കുകുത്തിയായിരിക്കുകയാണ്,’ സ്പീക്കർ പറഞ്ഞു.
ഇംഗ്ലീഷുകാർക്ക് ഇംഗ്ലണ്ട് ഏതുപോലെയാണോ ഫ്രഞ്ചുകാർക്ക് ഫ്രാൻസ് എങ്ങനെയാണോ അതുപോലെയാണ് ഫലസ്തീനികൾക്ക് ഫലസ്തീനെന്ന് ഗാന്ധിജി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഷംസീർ പറഞ്ഞു.
Content Highlight: Netanyahu and Modi are elected Autocrats says AN Shamseer