കൊല്‍ക്കത്ത: ബി.ജെ.പി സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിനെതിരെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം. നെഹ്റുവിനെയും കോണ്‍ഗ്രസിനെയും നേരിടാന്‍ നേതാജിയെ ഉപയോഗിക്കുന്നുവെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കുടുംബം പറഞ്ഞു. സുഭാഷ് ചന്ദ്രബോസായിരുന്നു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെന്ന കങ്കണയുടെ പ്രസ്താവനക്കെതിരെയാണ് കുടുംബം രംഗത്തെത്തിയത്.
‘ചരിത്രം ഇങ്ങനെയാണ്. ബംഗാള്‍-പഞ്ചാബ് വിഭജനത്തിനുശേഷം പൂര്‍ണാധികാരം ലഭിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവാണ്. അത് ആര്‍ക്കും മാറ്റാനാകില്ല,’ എന്ന് സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുവായ ച?ന്ദ്രകുമാര്‍ ബോസ് വ്യക്തമാക്കി.
നേതാജിയും നെഹ്റുവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവര്‍ക്കും പരസ്പരം ബഹുമാനമുണ്ടായിരുന്നുവെന്ന് ചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. അങ്ങനെയല്ലായിരുന്നെങ്കില്‍ ആസാദ് ഹിന്ദ് ഫൗജിന്റെ ബ്രിഗേഡുകള്‍ക്ക് നെഹ്റുവിന്റെയും ഗാന്ധിയുടെയും പേരുകള്‍ നേതാജി നല്‍കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജവഹര്‍ലാല്‍ നെഹ്റു, മഹാത്മാ ഗാന്ധി, ചിത്തരഞ്ജന്‍ ദാസ് എന്നിവര്‍ക്കൊപ്പം സുഭാഷ് ചന്ദ്രബോസ് രണ്ട് പതിറ്റാണ്ടോളം (1921 മുതല്‍ 1941 വരെ) കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയമോഹത്തിന് വേണ്ടി ആരും ചരിത്രത്തെ വളച്ചൊടിക്കരുതെന്ന് ചൂണ്ടിക്കാട്ടുന്ന എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കങ്കണ റണാവത്ത് എന്നിവരെ ചന്ദ്രബോസ് ടാഗ് ചെയ്തിട്ടുണ്ട്.
1943 ഒക്ടോബര്‍ 21ന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രത്തലവനും യുദ്ധമന്ത്രിയുമായി സ്വയം പ്രഖ്യാപിച്ചുവെന്നായിരുന്നു കങ്കണയുടെ വാദം. രണ്ടാം ലോക മഹായുദ്ധത്തിന്റെ മധ്യത്തില്‍ സിംഗപ്പൂരില്‍ വെച്ച് ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനമെന്നും കങ്കണ പറഞ്ഞിരുന്നു.
അതേസമയം, കങ്കണ റണാവത്തിന്റെ ‘ആദ്യ പ്രധാനമന്ത്രി’ പരാമര്‍ശത്തിനെതിരെ ചില പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ രൂക്ഷമായ ട്രോളുകള്‍ക്കിടയിലും സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് വിളിച്ച് നടത്തിയ തെറ്റായ പരാമര്‍ശത്തെ കങ്കണ റണാവത്ത് ന്യായീകരിക്കയുണ്ടായി.
1943 ഒക്ടോബര്‍ 21ന് നേതാജി സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരില്‍ ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചുവെന്ന വാര്‍ത്താ ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് എക്സില്‍ പങ്കിട്ടുകൊണ്ടായിരുന്നു ന്യായീകരണം.
എന്നാല്‍ തുടര്‍ന്നും കങ്കണയെ പരിഹസിച്ചും, പൊതുവിജ്ഞാനം ചോദ്യം ചെയ്തുകൊണ്ടും പലരും രംഗത്തു വന്നിരുന്നു. നിലവില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് കങ്കണ.
Content Highlight: Netaji Subhash Chandra Bose’s family against BJP candidate Kangana Ranaut