കൊല്‍ക്കത്ത: പൗരത്വ നിയമത്തിന്റെ എതിര്‍ത്ത പശ്ചിമബംഗാള്‍ ബി.ജെ.പി വൈസ് പ്രസിഡണ്ടും സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനുമായ ചന്ദ്രകുമാര്‍ ബോസിനെ സ്ഥാനത്ത് നിന്ന് മാറ്റി. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബംഗാളില്‍ ബി.ജെ.പി പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്.
സി.എ.എ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെ എതിര്‍ത്തതിനാലാണ് തന്നെ പുറത്താക്കിയതെന്ന് ബോസ് മാധ്യമങ്ങളോട് പറഞ്ഞു.
മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോസ് ശബ്ദമുയര്‍ത്തിയിരുന്നു. അയല്‍രാജ്യങ്ങളില്‍ പീഡനത്തിനിരയാകുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കണമെന്നും മുസ്‌ലിംകളെ ഒറ്റപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും അദ്ദേഹം നിരവധി തവണ കത്തയച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ചുള്ള തന്ത്രമാണ് തന്നെ പുറത്താക്കിയതിന് പിന്നിലെന്ന് ചന്ദ്രകുമാര്‍ ബോസ് ആരോപിച്ചു.
എന്നാല്‍, അദ്ദേഹം രാഷ്ട്രീയമായി അപ്രസക്തനാണെന്നും പതിവായി പാര്‍ട്ടിയെ അപമാനിക്കുന്നുവെന്നും ബി.ജെ.പി നേതൃത്വം ആരോപിച്ചു. എങ്കിലും അദ്ദേഹം പാര്‍ട്ടി അംഗമായി തുടരുമെന്നും ഇവര്‍ പറഞ്ഞു.
പുറത്താക്കപ്പെടുന്നതിന് മുമ്പ് തന്നോട് ആലോചിച്ചിട്ടില്ലെന്നും തീരുമാനം വ്യക്തിപരമായി അറിയിച്ചിട്ടില്ലെന്നും ബോസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക