| Thursday, 19th September 2013, 12:45 pm

നെറ്റ് പരീക്ഷ: യോഗ്യതാ മാനദണ്ഡം മാറ്റാന്‍ യു.ജി.സിക്ക് അധികാരമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ യോഗ്യതാ പരീക്ഷയുടെ വിജയ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ യു.ജി.സിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി.

യു.ജി.സിക്കെതിരെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു വിധി. വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

പരീക്ഷ നടത്തിയ ശേഷം വിജയ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയ നടപടി കോടതി ശരിവച്ചു. വിജയമാനദണ്ഡം മാറ്റാനുള്ള യു.ജി.സിയുടെ അധികാരം വിജ്ഞാപനത്തില്‍ വ്യക്തമാണെന്നും സുപ്രീം കോടതി പറഞ്ഞു.

2012 ജൂണ്‍ 24 നാണ് യു.ജി.സി പരീക്ഷ നടത്തിയത്. വിഞ്ജാപനം അനുസരിച്ച് ജനറല്‍ വിഭാഗത്തില്‍ ഒന്നും രണ്ടും പേപ്പറുകള്‍ക്ക് 40 ശതമാനം മാര്‍ക്കും ,മൂന്നാം പേപ്പറില്‍ 50 ശതമാനം മാര്‍ക്കും വാങ്ങണമെന്നായിരുന്നു നിര്‍ദേശം.

ആകെ മാര്‍ക്ക് 65 ശതമാനത്തില്‍ കുറയാന്‍ പാടില്ലെന്നുമായിരുന്നു യോഗ്യതയ്ക്കുള്ള മാനദണ്ഡമായി ആദ്യം പറഞ്ഞത്. എന്നാല്‍ മൂന്ന് പേപ്പറുകളിലും വെവ്വേറെ നിശ്ചയിച്ചിട്ടില്ലെന്നും മിനിമം മാര്‍ക്കിന് പുറമെ എല്ലാ പേപ്പറുകളിലും 65 ശതമാനം മാര്‍ക്ക വേണണെന്ന വ്യവസ്ഥ പിന്നീട് യു.ജി.സി പുറപ്പെടുവിക്കുകയായിരുന്നു.

ഈ വിജ്ഞാപനം ചോദ്യം ചെയ്താണ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പരീക്ഷ നടത്തിയ ശേഷം മാനദണ്ഡം മാറ്റിയ നടപടിക്കെതിരെ എട്ടു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതികളെ സമീപിച്ചുവെങ്കിലും ഏഴ് കോടതികളില്‍ നിന്നും അനുകൂല വിധി നേടാന്‍ കഴിഞ്ഞിരുന്നു.

ഇതിനെതിരെ യു.ജി.സി സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിധിക്കെതിരെ പുനപരീശോധന ഹരജി നല്‍കുമെന്ന് ഉദ്യോഗാര്‍ഥികളുടെ അഭിഭാഷകന്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more