| Friday, 12th August 2016, 4:10 pm

ബാങ്കിങ്ങ് തട്ടിപ്പ്; ഉപഭോക്താക്കള്‍ക്കു മുഴുവന്‍ പണവും തിരികെ കിട്ടുന്ന നയവുമായി ആര്‍.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്റര്‍നെറ്റ് വഴിയുള്ള തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന ഉപഭോക്താക്കള്‍ക്ക് ബാധ്യതയുണ്ടാകാത്ത തരത്തില്‍ പുതിയ റിസര്‍വ് ബാങ്ക് നയം.

ഇതനുസരിച്ച്, തട്ടിപ്പിനിരയായ വിവരം മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉപഭോക്താവിനു മുഴുവന്‍ പണവും തിരികെ ലഭിക്കും.

നാലു മുതല്‍ ഏഴു വരെ ദിവസത്തിനുള്ളിലാണ് വിവരം നല്‍കുന്നതെങ്കില്‍, 5,000 രൂപ വരെയുള്ള നഷ്ടത്തിനു മുഴുന്‍ തുകയും തിരികെ ലഭിക്കും. അതിനു മുകളില്‍ എത്ര നഷ്ടപ്പെട്ടാലും 5000 രൂപ മാത്രമേ ലഭിക്കൂ. അതേസമയം, തട്ടിപ്പു നടത്തുന്നതു ബാങ്ക് ജീവനക്കാരനാണെങ്കില്‍ എത്രദിവസം കഴിഞ്ഞു റിപ്പോര്‍ട്ട് ചെയ്താലും മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും ഇന്നലെ ഇറക്കിയ കരട് വിജ്ഞാപനത്തില്‍ ആര്‍.ബി.ഐ വ്യക്തമാക്കുന്നു.

പരാതികള്‍ 90 ദിവസത്തിനുള്ളില്‍ പരിഹരിക്കണമെന്നു ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാങ്കിന്റെ വെബ്‌സൈറ്റ്, എസ്.എം.എസ്, ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് സംവിധാനം, ടോള്‍ ഫ്രീ ഹെല്‍പ്‌ലൈന്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ വഴി ഉപഭോക്താവിന് പരാതിപ്പെടാം.

പുതിയ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതാണ്. മുന്‍പ്, നഷ്ടപ്പെട്ട പണത്തിന്റെ നിശ്ചിത ശതമാനം തിരിച്ചുനല്‍കിയാല്‍ മതിയെന്നായിരുന്നു ബാങ്കുകള്‍ക്കുള്ള നിര്‍ദ്ദേശം. ഇത് എത്രയെന്ന് ബാങ്കുകള്‍ക്കു തീരുമാനിക്കാമായിരുന്നു.

അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കപ്പെട്ടാല്‍ എസ്.എം.എസ്, ഇ-മെയില്‍ തുടങ്ങിയവ വഴി ബാങ്കില്‍നിന്ന് അറിയിപ്പു ലഭിക്കും. ഇടപാടു നടന്നാല്‍ അധികം വൈകാതെ തന്നെ നോട്ടിഫിക്കേഷന്‍ വരും. നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിവ വഴിയുള്ള എല്ലാ ഇലക്ട്രോണിക് ഇടപാടുകളുടെയും വിവരങ്ങള്‍ നോട്ടിഫിക്കേഷനായി ലഭിക്കും.

We use cookies to give you the best possible experience. Learn more