| Monday, 8th June 2015, 8:30 am

നെസ്‌ലെ പരസ്യങ്ങള്‍ക്ക് ചെലവഴിച്ചത് 455 കോടി ഗുണമേന്മാ പരിശോധനയ്ക്ക് 19 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അനുവദനീയമായതിലും കൂടുതല്‍ ലെഡും മോണോസോഡിയം ഗ്ലൂട്ടമേറ്റും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് മാഗി ന്യൂഡില്‍സിന് നിരോധനമേര്‍പ്പെടുത്തിയതിനു പിന്നാലെ നെസെ്‌ലെ കമ്പനി ഭക്ഷ്യസുരക്ഷയില്‍ കാണിച്ചിരുന്ന അലംഭാവം പുറത്തുവരുന്നു. കഴിഞ്ഞ വര്‍ഷം പരസ്യങ്ങള്‍ക്കായി കമ്പനി ചെലവഴിച്ചത് 455 കോടി രൂപയാണ് എന്നാല്‍ ഭക്ഷ്യ ഗുണമേന്മാ പരിശോധനയ്ക്ക് 19 കോടി രൂപമാത്രമാണ് ചെലവഴിച്ചിട്ടുള്ളത്

പരസ്യത്തിന് വേണ്ടി ചെലവാക്കുന്നതിന്റെ അഞ്ച് ശതമാനം മാത്രമാണ് നെസെ്‌ലെ ഭക്ഷ്യ ഗുണമേന്മാ പരിശോധനകള്‍ക്കായി ചെലവാക്കുന്നതെന്ന് വ്യക്തം. പരസ്യങ്ങള്‍ക്കും മറ്റുചെലവുകള്‍ക്കുമായി 450 കോടി രൂപയോളം പ്രതിവര്‍ഷം കമ്പനി ചെലവഴിക്കുന്നുണ്ട്.  ഓരോ വര്‍ഷവും ഇത്തരം ചെലവുകള്‍ക്ക് കോടികളുടെ വര്‍ധനവുണ്ടാകുമ്പോള്‍ പരിശോധനകള്‍ക്കായി  ചലവഴിക്കുന്നതില്‍ നേരിയ മാറ്റങ്ങള്‍ മാത്രമാണ് കാണാനാവുക.

മാഗിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ കര്‍ണാടക, ഗോവ, ത്രിപുര, പഞ്ചാബ് എന്നിവിടങ്ങളിലും മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 സംസ്ഥാനങ്ങളാണ് മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാഗി നിരോധനം ശക്തമായി  നടപ്പിലാക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തില്‍ പ്രത്യേക നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.

അമിതമായ അളവില്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നെസ്‌ലെക്കെതിരെ ശക്തമായ നിയമ നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. നെസ്ലെയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര സമിതിയെ സമീപിച്ചിരിക്കുകയാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. മറ്റു ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

We use cookies to give you the best possible experience. Learn more