| Thursday, 18th April 2024, 4:45 pm

യൂറോപ്പിൽ ഇല്ല, ഇന്ത്യയിലിറക്കുന്ന സെറിലാക്കിൽ പഞ്ചസാര; ക്രൂര വിവേചനവുമായി നെസ്‌ലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെവി വിവിസ്: ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ ശിശുക്കള്‍ക്കായി ഉത്പാദിപ്പിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പഞ്ചസാര ചേര്‍ത്ത് നെസ്‌ലെയുടെ ഇരട്ടത്താപ്പ്. എന്നാല്‍ ഫ്രാന്‍സ്, യു.കെ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയിലുള്ള സെറിലാക്ക് ഉത്പന്നങ്ങളില്‍ കമ്പനി പഞ്ചസാര ചേര്‍ക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ വിപണനം ചെയ്യുന്ന കമ്പനിയുടെ ബേബി ഫുഡ് ഉത്പന്നങ്ങളുടെ സാമ്പിളുകള്‍ ബെല്‍ജിയന്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

നെസ്‌ലെയെ സംബന്ധിച്ച് ഇന്ത്യ ലാഭകരമായ വിപണിയാണ്. 2022ലെ കണക്കുകള്‍ പ്രകാരം 250 മില്യണ്‍ ഡോളറിലധികം നെസ്‌ലെ ഉത്പന്നങ്ങളാണ് കമ്പനിയുടേതായി ഇന്ത്യന്‍ വിപണയില്‍ വിൽക്കപ്പെട്ടത്.

എന്നാല്‍ ഇന്ത്യന്‍ വിപണിയിലുള്ള ഓരോ സെറിലാക്ക് വേരിയന്റിലും ശരാശരി 3 ഗ്രാം സപ്ലിമെന്ററി പഞ്ചസാര അടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ജര്‍മനി, ഫ്രാന്‍സ്, യു.കെ എന്നിവിടങ്ങളില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമായ സെറിലാക്ക് ആണ് കമ്പനി വിപണനം ചെയ്യുന്നത്.

റിപ്പോര്‍ട്ടില്‍ പൊതുജനാരോഗ്യത്തിന്റെയും ധാര്‍മികതയുടെയും കാര്യത്തില്‍ നെസ്‌ലെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞന്‍ നൈജല്‍ റോളിന്‍സ് പറഞ്ഞു.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയോട് വിശദീകരണം തേടി. വിവാദത്തില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. അന്വേഷണത്തില്‍ പിഴവുണ്ടെന്ന് കണ്ടെത്തിയാല്‍ കമ്പനിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റെഗുലേറ്ററി ബോഡി വ്യക്തമാക്കി.

എന്നാല്‍ വിവാദത്തില്‍ പ്രതികരിച്ച് നെസ്‌ലെ രംഗത്തെത്തി. തങ്ങളുടെ ബേബി ഫുഡ് ഉത്പന്നങ്ങളില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ് മുതലായവയാണ് ചേര്‍ത്തിരിക്കുന്നത്. കമ്പനി ഉത്പന്നങ്ങളുടെ ഗുണത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും നെസ്‌ലെ പ്രതികരിച്ചു.

Content Highlight: Nestle’s double-deal by adding sugar to baby food products

We use cookies to give you the best possible experience. Learn more