ന്യൂദല്‍ഹി: അമിതമായ അളവില്‍ രാസ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നുവെന്ന് കണ്ടെത്തിയതിനാല്‍ നിരോധനം നേരിടുന്ന മാഗി നൂഡില്‍സിന്റെ ഇന്ത്യയിലെ വില്‍പന നിര്‍ത്തിയതായി നെസ്‌ലെ. ഉപഭോക്താക്കളുടെ വിശ്വാസ്യതക്കും സുരക്ഷയ്ക്കുമാണ് മുഖ്യ പ്രാധാന്യം നല്‍കുന്നതെന്നും ഉത്പന്നത്തെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിച്ച ശേഷം തിരിച്ചെത്തുമെന്നും നെസ്‌ലെ അധികൃതര്‍ പത്ര കുറിപ്പിലൂടെ അറിയിച്ചു.
അസാം, ജമ്മു കശ്മീര്‍, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങള്‍ മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഉത്പന്നം മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കാന്‍ മാഗി തീരുമാനിച്ചത്. പത്തോളം സംസ്ഥാനങ്ങള്‍ മാഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുമുണ്ട്.
കേരളത്തിലെ സപ്ലൈക്കോ, പ്രമുഖ റീട്ടെയില്‍ സ്ഥാപനങ്ങളായ ബിഗ് ബസാര്‍, വാള്‍മാര്‍ട്ട്. ഫ്യൂച്ചര്‍ ഗ്രൂപ്പ്, മെട്രോ എ.ജി തുടങ്ങിയവയും മാഗി വില്‍പന നടത്തുന്നത് നിര്‍ത്തി വെച്ചിരുന്നു. മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാനും പറഞ്ഞിരുന്നു.
നെസ്‌ലെയുടെ വരുമാനത്തിന്റെ 20 ശതമാനത്തോളം മാഗിയില്‍ നിന്നാണ് കമ്പനിക്ക് ലഭിക്കുന്നത്.