| Thursday, 21st December 2023, 6:11 pm

മോഹന്‍ലാലിന് നല്ല നേരത്തുണ്ടായ തിരിച്ചറിവ്; തിരക്കഥ തന്നെയാണ് ഹീറോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ക്രിസ്മസ് കാലത്ത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ മലയാളികൾക്ക് വലിയ പ്രതീക്ഷ തോന്നുന്നുണ്ടെങ്കിൽ അതിനെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല. 2013 ൽ റിലീസിനെത്തി ഇപ്പോഴും ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുന്ന ദൃശ്യം തന്നെയാണ് അതിന് കാരണം.

രണ്ടാം ഭാഗമായ ദൃശ്യം2 വും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടപ്പോൾ മലയാളത്തിൽ തന്നെ ഏറ്റവും പ്രതീക്ഷയുള്ള കോമ്പോകളിൽ ഒന്നായി മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് മാറി കഴിഞ്ഞിരുന്നു. പറഞ്ഞുവരുന്നത് ഇരുവരും ഒന്നിച്ച നേരിനെ കുറിച്ചാണ്.

പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖങ്ങളിൽ എല്ലാം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്. ഈ ചിത്രമൊരു കോർട്ട് റൂം ഡ്രാമയാണ്, സാധാരണ ജീത്തു പടം പോലെ ഇതിനെ സമീപിക്കരുതെന്ന്.

ആ പറഞ്ഞത് നൂറ് ശതമാനം ശരിവെക്കുന്ന മികച്ചൊരു ചിത്രം തന്നെയാണ് നേര്. ഒരു തട്ട് പൊളിപ്പൻ സിനിമയുടെ യാതൊരു ബഹളവുമില്ലാതെയാണ് ജീത്തു തന്റെ സിനിമ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ട്രെയ്ലറിലും അത് വ്യക്തമായിരുന്നു. എന്നാൽ മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ സിനിമയുടെ ഭാഗമാകുമ്പോൾ തീർച്ചയായും പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിക്കും. കോർട്ട് റൂം ഡ്രാമ എന്ന ഴോണറിൽ ഒരു സിനിമയൊരുക്കുമ്പോൾ അതിന്റെ പ്രധാന വെല്ലുവിളി സിനിമ പ്രേക്ഷകർക്ക്‌ ആസ്വാദ്യകരമാക്കണം എന്നതാണ്.

ആ കാര്യത്തിൽ ജീത്തു എന്ന ഫിലിം മേക്കർ വിജയിച്ചിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളാൽ പണ്ടത്തെ പ്രതാപമില്ലാതെ എല്ലാത്തിൽ നിന്നും വിട്ട് നിൽക്കുന്ന നായകൻ. പിന്നീട് പല കാരണങ്ങളാൽ അയാൾക്ക് തിരിച്ചു വരേണ്ടി വരുന്നു. കാലങ്ങളായി മലയാള സിനിമയിൽ ഉപയോഗിക്കുന്ന ബേസിക് ത്രെഡ് തന്നെയാണിത്. ജീത്തുവിന്റെ തന്നെ മെമ്മറീസ് എന്ന ചിത്രത്തിലെ സാം അലക്സും അങ്ങനെയായിരുന്നു. കഥ അനുസരിച്ച് അത് ചിലപ്പോൾ പൊലീസ് ഓഫീസർ ആവാം, ഡോക്ടറാവാം ആര് വേണമെങ്കിലും ആവാം. നേരിലേക്ക് വരുമ്പോൾ അഡ്വക്കേറ്റ് വിജയ് മോഹൻ ആയിട്ടാണ് മോഹൻലാൽ എത്തുന്നത്.

ഒരു കേസിന്റെ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേക്കേണ്ടി വരുകയാണ് നായകന്. താൻ തോറ്റാലും നേരെന്ന സത്യം വിജയിക്കണമെന്നാണ് അയാളുടെ ആഗ്രഹം. അതിനായി അയാൾ നടത്തുന്ന ശ്രമങ്ങളാണ് സിനിമയിൽ ഉടനീളം. അയാൾ ഒരു ഹീറോയിക്ക്‌ നായകനൊന്നുമല്ല, ദൃശ്യത്തിലെ ജോർജ്കുട്ടിയെ പോലെ ആർക്കും അറിയാത്ത രഹസ്യങ്ങൾ പറഞ്ഞ് പ്രേക്ഷകരെ ഞെട്ടിക്കുന്നവനുമല്ല. അഡ്വക്കേറ്റ് വിജയ് മോഹനായി മോഹൻലാൽ നിറഞ്ഞാടിയിട്ടുണ്ട്.

താൻ ഇതുവരെ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രകടനങ്ങളുള്ള ചിത്രം എന്നായിരുന്നു ജീത്തു ജോസഫ് നേരിനെ വിശേഷിപ്പിച്ചിരുന്നത്. എടുത്ത് പറയേണ്ട പ്രകടനങ്ങൾ ചിത്രത്തിലുണ്ട്. അതിൽ ആദ്യത്തേത് അനശ്വര രാജന്റെ പ്രകടനം തന്നെയാണ്. കുറഞ്ഞ സീനിൽ വന്ന് പോകുമ്പോഴും ഇത്‌ വരെ കാണാത്ത തരത്തിൽ താരം സാറ എന്ന കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ഈയിടെയായി പ്രകടനം കൊണ്ട് ഞെട്ടിക്കുന്ന ജഗദീഷും പതിവ് തെറ്റിച്ചില്ല. സിദ്ദിഖ്, പ്രിയാമണി, ശാന്തി മായാദേവി തുടങ്ങിവരും നല്ല രീതിയിൽ സിനിമയുടെ ഭാഗമായിട്ടുണ്ട്.

സ്ക്രിപ്റ്റ് തന്നെയാണ് ഇവിടെയും ഹീറോ. ദൃശ്യത്തോട് അല്പം സാമ്യമുള്ള ഒരു വിഷയത്തെ പൂർണ്ണമായി കോടതിയിൽ അവതരിപ്പിക്കുകയായിരുന്നു ജീത്തു. സീനുകൾക്ക് യോജിച്ച പശ്ചാത്തല സംഗീതവും സിനിമ ആവശ്യപ്പെടുന്ന ക്യാമറ വർക്കും നേരിനെ സഹായിക്കുന്നുണ്ട്.

കോർട്ട് റൂം ഡ്രാമയാണെന്ന് പറഞ്ഞാലും മോഹൻലാൽ എന്ന താരത്തിന്റെ സാന്നിധ്യം തന്നെയാണ് വലിയ രീതിയിൽ പ്രേക്ഷകരെ ആദ്യദിനം തന്നെ തീയേറ്റുകളിലേക്ക് എത്തിക്കുന്നത്. മോഹൻലാലിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ നേരിലുണ്ട്. കുറച്ചുകാലമായി പരാജയത്തിൽ നിന്ന് കര കയറാൻ ശ്രമിക്കുന്ന മോഹൻലാലിന് പുതുവർഷത്തിന് മുൻപ് തന്നെ പുതിയൊരു തുടക്കം നേര് സമ്മാനിക്കുന്നുണ്ട്.

മോഹൻലാൽ എന്ന നടന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമല്ലെങ്കിലും അയാളിലെ നടൻ എവിടെയും പോയിട്ടില്ല എന്നതിന്റെ ഒരു അടയാളപ്പെടുത്തൽ തന്നെയാണ് നേര്. നല്ല തിരകഥകളുടെ ഭാഗമായാൽ ഇനിയും കളം നിറഞ്ഞ് അയാൾ ഇവിടെ ഉണ്ടാവും. ഒരുപക്ഷെ ഇനി വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾക്ക് ഒരു മികച്ച തുടക്കമാവാൻ നേരിന് കഴിയും. മോഹൻലാൽ എന്ന നടനെ സംബന്ധിച്ച് നല്ല നേരത്തുണ്ടായ നേരായ തിരിച്ചറിവാണീ നേര്.

Content Highlight: Neru Movie Analysis

We use cookies to give you the best possible experience. Learn more