തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന നഴ്സുമാരുടെ സമരം മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെത്തുടര്‍ന്നാണു സമരം മാറ്റിവച്ചത്.
ബുധനാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ആയില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു.
സെക്രട്ടേറിയറ്റിനു മുന്നില്‍ 21ന് നടത്താനിരിക്കുന്ന സമരത്തില്‍നിന്ന് തല്‍ക്കാലം പിന്നോട്ടില്ല. 19ലെ ചര്‍ച്ചയ്ക്കുശേഷമേ അതില്‍ തീരുമാനം ഉണ്ടാകുകയുള്ളൂയെന്നും യുഎന്‍എ അറിയിച്ചു.
17 ാം തിയതി തുടങ്ങുന്ന സമരം നീട്ടിവെച്ചാല്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഴ്സുമാര്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നാണു നഴ്സുമാരുടെ ആവശ്യം. എന്നാല്‍ 17,000 രൂപ വരെ നല്‍കാമെന്ന നിലപാടിലാണു സര്‍ക്കാര്‍.
എന്നാല്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ആശുപത്രി മാനേജുമെന്റുകള്‍. സമരം ആരംഭിക്കുന്ന തിങ്കളാഴ്ച മുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കുറയ്ക്കുമെന്നു മാനേജ്മെന്റുകളും വ്യക്തമാക്കിയിരുന്നു.
അതിനിടെ, യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും സമരത്തില്‍നിന്നു വിട്ടു നില്‍ക്കണമെന്നു ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.