കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള രാജിപ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് അദ്ദേഹം പാര്‍ലമെന്റില്‍ രാജി പ്രഖ്യാപിച്ചത്. വൈകാതെ തന്നെ രാജിക്കത്ത് നേപ്പാള്‍ പ്രസിഡന്റ് റാം ബറാന്‍ യാദവിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പ്രധാനമന്ത്രിക്ക് സ്ഥാനമേറ്റെടുക്കാനാണ് കൊയ്‌രാള സ്ഥാനം രാജിവയ്ക്കുന്നത്. പകരം നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ചെയര്‍മാന്‍ ഖഡ്ഗ പ്രസാദ് ശര്‍മ ഒലി പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഫെബ്രുവരി 10നാണ് കൊയ്‌രാള നേപ്പാള്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയായിരുന്നു അദ്ദേഹം വിജയിച്ചത്.
നേപ്പാളിനെ ഹിന്ദുരാഷ്ട്രമല്ലാതാക്കാനും മതേതര രാഷ്ട്രമാക്കി മാറ്റാനും പുതിയ ഭരണഘടന കൊണ്ടുവരുമെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് റാം ബറാന്‍ യാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ നേപ്പാള്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം പിന്തുണയ്ക്കുകയും ചെയ്തു.
മാറ്റത്തെ എതിര്‍ത്തും അനുകൂലിച്ചും രാജ്യത്തെങ്ങും പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടക്കുകയാണ്. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നു എന്നാരോപിച്ച് ഇന്ത്യയ്‌ക്കെതിരെയും പ്രതിഷേധം നടക്കുകയും 42 ഇന്ത്യന്‍ ടിവി ചാനലുകളുടെ സംപ്രേഷണം നിരോധിക്കുകയും ചെയ്തിരുന്നു.
നേപ്പാളിലെ രാജഭരണം 2008ല്‍ അവസാനിച്ചതാണ്.