രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ കുടുംബവാഴ്ച തുറന്നു കാട്ടി ബി.ജെ.പി എം.എല്‍.എ ഉഷാ താക്കൂര്‍
national news
രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ കുടുംബവാഴ്ച തുറന്നു കാട്ടി ബി.ജെ.പി എം.എല്‍.എ ഉഷാ താക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd December 2018, 8:41 am

ഭോപാല്‍: ബി.ജെ.പിയില്‍ സ്വജനപക്ഷപാതവും, കുടുംബവാഴ്ചയും ആരംഭിച്ചിരിക്കുന്നു എന്ന് ഇന്‍ഡോറിലെ ബി.ജെ.പി സിറ്റിങ്ങ് എം.എല്‍.എ ഉഷാ താക്കൂര്‍. ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഉഷ ബി.ജെ.പിയെ ഗ്രസിച്ചിരിക്കുന്ന കുടുംബ വാഴ്ചയെ പറ്റി പരാമര്‍ശിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

ഇന്‍ഡോര്‍-3 ലെ സിറ്റിങ്ങ് എം.എല്‍.എ ആണ് ഉഷ ഇപ്പോള്‍. എന്നാല്‍ ഉഷയെ ഈ തെരഞ്ഞെടുപ്പില്‍ അംബേദ്കര്‍ നഗര്‍ മഹൗവില്‍ നിന്നാണ് മല്‍സരിപ്പിക്കുന്നത്. ഇന്‍ഡോറില്‍ ഉഷയ്ക്ക് പകരം മല്‍സരിക്കുന്നത് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗിയയുടെ മകന്‍ ആകാശ് ആണ്.

Also Read മുഹമ്മദ് ബിന്‍ സല്‍മാന്‍ വന്യമൃഗം, എതിരാളികളെ കൊന്നൊടുക്കും, കൊലപാതകത്തില്‍ എം.ബി.എസിന്റെ പങ്കിന് സൂചന നല്‍കുന്ന ഖഷോഗ്ജിയും സ്വകാര്യ വാട്ട്‌സാപ്പ് മെസേജുകള്‍ പുറത്ത്

“രാഷ്ട്രീയം എനിക്ക് ഒരു ദൗത്യമാണ്. കമ്മീഷന്‍ മേടിക്കാനല്ല ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. എന്നെ സ്ഥാനാര്‍ത്ഥിയായി സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. രാഷ്ട്രീയ അനീതിയാണ് എന്നോട് ചെയ്തത്. കോണ്‍ഗ്രസിനെ ബാധിച്ച കുടുംബ രാഷ്ട്രീയം ബി.ജെ.പിയേയും ഗ്രസിച്ചിരിക്കുന്നു”- അംബേദ്കര്‍ നഗര്‍ മൗവിലെ ജനങ്ങളോട് ഉഷ പറയുന്നു.

പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് അമിത് ഷായെക്കൊണ്ട് തന്റെ മകനെ ഇന്‍ഡോറില്‍ മല്‍സരിപ്പിക്കാന്‍ കൈലാഷ് സമ്മതിപ്പിക്കുകയായിരുന്നുവെന്ന് ഉഷ ആരോപിച്ചു.

Also Read ബി.ജെ.പി വന്നാല്‍ തെലങ്കാനയില്‍ നിന്ന് ഒവൈസിക്ക് ഓടേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ്

“എന്നോട് ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഞാന്‍. എന്റെ ഉത്തരങ്ങള്‍ മാത്രമേ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുള്ളൂ. ചോദ്യങ്ങള്‍ അതിലില്ല”- ഇന്ത്യന്‍ എക്സ്പ്രസിനോട് ഉഷ പ്രതികരിച്ചു.

അതേസമയം ഉഷയെ വിമര്‍ശിച്ച് പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. പാര്‍ട്ടിയില്‍ നിന്ന് ഒരുപാട് നേട്ടങ്ങളുണ്ടായിട്ടും, തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചിട്ടും പൊതു പരിപാടികളില്‍ വെച്ച് ദുഖം പങ്കു വെക്കുകയാണ് ഉഷ എന്ന് ബി.ജെ.പി നേതാവ് ഗോവിന്ദ് മാലു പറഞ്ഞു. “തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് പോലും ലഭിക്കാത്തവരെ പറ്റി അവര്‍ എന്തു കൊണ്ട് സംസാരിക്കുന്നില്ല”- ഗോവിന്ദ് ചോദിച്ചു.

Also Read മോദിയും ചന്ദ്രശേഖര്‍ റാവുവും “ജുംല” സഹോദരന്മാര്‍; കപില്‍ സിബല്‍

ഞായറാഴ്ച നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിലും രാഹുല്‍ ഗാന്ധിയെ കുടുംബ രാഷ്ട്രീയത്തിന്റെ പേരില്‍ കൈലാഷ് വിമര്‍ശിച്ചിരുന്നു. “രാഹുലിന് രാഷ്ട്രീയം അറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബ പരമ്പരയെക്കുറിച്ചോര്‍ത്ത് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാനും കഴിയുന്നില്ല” എന്നായിരുന്നു കൈലാഷ് പറഞ്ഞത്.

ആകാശിനെ കൂടാതെ മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗോറിന്റെ മരുമകള്‍ കൃഷ്ണ, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ അനന്തരവന്‍ അനൂപ് മിശ്ര, മുതിര്‍ന്ന ബി.ജെ.പി നേതാവ് ലക്ഷമി നരായണന്‍ യാദവിന്റെ മകന്‍ സുധീര്‍ യാദവ് എന്നിവരും മധ്യപ്രദേശില്‍ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്.