വിജിലന്‍സ് ട്രിബ്യൂണല്‍ ജഡ്ജിനുള്ള അടിസ്ഥാന യോഗ്യത തിരുത്തിയതില്‍ ദുരൂഹത ഉന്നയിച്ച് അഭിഭാഷകര്‍. ഏഴ് വര്‍ഷം അഭിഭാഷകരായി പ്രവര്‍ത്തിച്ചവര്‍ക്ക് അപേക്ഷിക്കാമായിരുന്ന പോസ്റ്റില്‍ ഇപ്പോള്‍ 10 വര്‍ഷം പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.
യോഗ്യത ഉയര്‍ത്തിയതിന് പിന്നില്‍ സ്വജന പക്ഷപാതമുണ്ടെന്നാണ് ഒരു വിഭാഗം അഭിഭാഷകരുടെ ആരോപണം. ഇത് വഴി അവസരം നിഷേധിച്ചത് ആയിരകണക്കിന് വക്കീലന്മാര്‍ക്കാണ്. ഇതിനെതിരെ അപ്പലേറ്റ് ട്രിബ്യൂണലില്‍ കേസ് നിലനില്‍ക്കുകയാണ്. അഭിഭാഷകനായ ജയകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ കോടതി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകരുടെ പ്രതികരണം തേടിയെങ്കിലും പരസ്യമായി പതികരിക്കാന്‍ ആരും തയ്യാറായില്ല.
വിജിലന്സ് ട്രിബ്യൂണല്‍ റൂള്‍സ് 1960ലെ റൂള്‍ 3 പ്രകാരമാണ് വിജിലന്‍സ് ട്രിബ്യൂണല്‍ നിയന്ത്രിക്കുന്നത്. ഭരണഘടനയിലെ ഈ നിയമ പ്രകാരം ഗവണ്‍മെന്റ് നിയോഗിക്കുന്ന ട്രിബ്യൂണല്‍ ജഡ്ജിന്റെ അടിസ്ഥാന യോഗ്യത ജില്ല / സെഷന്‍സ് കോടതി ജഡ്ജിന് സമാനമായ യോഗ്യതയുള്ളവരോ അതോ ഏഴോ അതിലധികമൊ വര്‍ഷത്തെ ക്രിമിനല്‍ കേസുകള്‍ വാദിച്ച പ്രവര്‍ത്തി പരിചയമോ ആയിരുന്നു.
എന്നാല്‍ 13.09.2017 മുഖ്യമന്ത്രി ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡിപ്പാര്‍ട്മെന്റ് നിര്‍ണ്ണായകമായൊരു ഓര്‍ഡര്‍ പുറത്തിറക്കി. അതില്‍ പറയുന്നത് ” വിജിലന്‍സ് ട്രിബ്യൂണലിനെ തീരുമാനിക്കാന്‍ ഒരു സ്‌ക്രീനിങ്ങ് കമ്മിറ്റിയെ നിയോഗിക്കുകയും ഗവണ്‍മെന്റിന്റെ പരിശോധനയില്‍ ഇത്രയധികം വക്കീലന്മാരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നത് ദുര്‍ഘടമാണെന്ന് ബോധ്യമായെന്നും ഇത് പ്രകാരം സര്‍ക്കാര്‍ കേരള സിവില്‍ സര്‍വ്വീസസിലെ ട്രിബ്യൂണല്‍ റൂള്‍സ് 1960ലെ റൂള്‍ 3 ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.” എന്നാണ്.
ഭേദഗതി ചെയ്ത ശേഷം നിയമനത്തിനുള്ള യോഗ്യത
1.ജില്ല / സെഷന്‍സ് കോടതി ജഡ്ജിന് സമാനമായ യോഗ്യതയുള്ളവര്‍
അല്ലെങ്കില്‍
2.പത്ത് വര്‍ഷമോ അതില്‍ കുടുതലോ വര്‍ഷം പ്രോസിക്യൂഷന്‍ കേസുകള്‍ വാദിച്ചവര്‍
ഈ ഭേദഗതി നിലവില്‍ വന്നതോടെ പതിനായിരക്കണക്കിന് വക്കീലന്‍മാരുടെ അവസരവും നഷ്ടമായി.എന്നാല്‍ യാതൊരു ചര്‍ച്ചകളും കൂടാതെ വളരെ പെട്ടെന്ന് ഇത്തരത്തില്‍ ഭേദഗതി ചെയ്തതില്‍ ദുരൂഹയുണ്ടെന്ന അഭിഭാഷകര്‍ പറയുന്നു. നിയമത്തില്‍ ഭേദഗതി വരുത്തിയത് ഒരു പ്രത്യേക വ്യക്തിയെ ജഡ്ജിയായി നിയമിക്കുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം.
കോഴിക്കോട് വിജിലന്സ് ട്രിബ്യൂണല്‍ ജഡ്ജായിരുന്ന സുരേഷ് പി 31.05.2017 ന് വിരമിച്ച ഒഴിവിലേക്ക് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായി ജോലി ചെയ്തിരുന്ന വി.ഗീതയെയാണ്. വി.ഗീതയുടെ രാഷ്ട്രീയ പശ്ചാത്തലവും സെലക്ഷന്‍ കമ്മിറ്റിയെ സ്വാധീനിക്കാന്‍ സാധ്യതയുള്ള രാഷ്ട്രീയ നേതാക്കന്മാരുമായി ഇവര്‍ക്കുള്ള അടുത്ത ബന്ധുത്വവും ഈ നിയമനത്തെ സംശയത്തിന്റെ നിഴലിലാക്കുന്നു.
യാതൊരു ചര്‍ച്ചക്കും ഇട നല്‍കാതെ ഇത്തരത്തില്‍ ഒരു ഓര്‍ഡര്‍ പുറത്തിറക്കുന്നത് വഴി നീതിന്യായ വ്യവസ്ഥയുടെ തന്നെ ചോദ്യം ചെയ്യുകയാണെന്നും നിപവധി കഴിവുറ്റ അഭിഭാഷകര്‍ക്ക് അവസരം നിഷേധിക്കുകയാണെന്നും പൊതു പ്രവര്‍ത്തകനായ ബോബന്‍ മാട്ടുമാന്ത ഡൂള്‍ന്യൂസിനോട് പറഞ്ഞു. മാത്രമല്ല പ്രോസിക്യൂട്ടര്‍മാരായി മിക്കപ്പോഴും നിയോഗിക്കുന്നത് അതത് മന്ത്രിസഭയുടെ കാലത്ത് അവര്‍ക്ക് താല്പര്യമുള്ള അഭിഭാഷകരെയാണ്. അങ്ങനെയിരിക്കെ പ്രോസിക്യൂട്ടര്‍മാരെ മാത്രം ഈ തസ്തികയിലേക്ക് പരിഗണിക്കുമ്പോള്‍ അതില്‍ തീര്‍ച്ചയായും രാഷ്ട്രീയ പക്ഷപാതം ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
13 – 9 -2017നാണ് ഭേദഗതി വരുത്തിയ ഓര്‍ഡര്‍ പുരത്തിറങ്ങുന്നത്. 25-10 -2017 അപേക്ഷകളിന് മേല്‍ സൂക്ഷ്മപരിശോധന നടത്തി, ലഭിച്ച 26 അപേക്ഷകളില്‍ 5 എണ്ണം യോഗ്യതയില്ലെന്ന കാരണത്താല്‍ നിരസിച്ചു. 11.12.2017ല്‍ അഭിമുഖം നടത്തി 14-12-2017 ന് നിയമന് ഉത്തരവിറക്കി. സാധാരണ സര്‍ക്കാര്‍ ജോലികളില്‍ നിയമനത്തിന് ഉണ്ടാകുന്ന കാലതാമസം ഉണ്ടായില്ലെന്ന് മാത്രമല്ല നിയമന നടപടികള്‍ ധ്രുതഗതിയില്‍ നടക്കുകയും ചെയ്തു എന്നതിന്റെ തെളിവുകളാണ് ഈ തിയ്യതികള്‍ എന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത അഭിഭാഷകന്‍ പറയുന്നു.
ഭരണഘടനാ പ്രകാരം ജില്ലാ ജഡ്ജിന് സമാനമായ തസ്തികയാണ് വിജിലന്‍സ് ട്രിബ്യൂണല്‍ ജഡ്ജിന്റേതും.അങ്ങനെയെങ്കില്‍ ഭരണഘടനയുടെ 233 ല്‍ രണ്ടാം അനുഛേദത്തിലുള്ള ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ ലംഘനമാണ് വിജിലന്‍സ് ആക്റ്റില്‍ ഇപ്പോള്‍ വരുത്തിയിട്ടുള്ള ഭേദഗതി.
മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടൊ അല്ലാത്തതൊ ആയ ഇടപെടലുകള്‍ നടത്തിയിട്ടുള്ള നിയമനത്തെ കുറിച്ച് കൂടുതല്‍ സുതാതര്യത വരും എന്നും നിരവധി പേരുടെ അവസരം നിഷേധിക്കുന്ന ഭേദഗതി തിരുത്തുമെന്നും എന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ.
WATCH THIS VIDEO: