ബന്ധു നിയമന വിവാദം: ഒഴിവാക്കപ്പെട്ടവരുടെ യോഗ്യതകള്‍ പുറത്ത്; വെട്ടിലായി മന്ത്രി ജലീല്‍
Kerala News
ബന്ധു നിയമന വിവാദം: ഒഴിവാക്കപ്പെട്ടവരുടെ യോഗ്യതകള്‍ പുറത്ത്; വെട്ടിലായി മന്ത്രി ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th November 2018, 8:09 pm

കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഭിമുഖത്തില്‍ പങ്കെടുത്തവരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് മന്ത്രിയുടെ ബന്ധുവിനെക്കാള്‍ യോഗ്യത ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ബന്ധു നിയമന വിവാദം ഉന്നയിച്ച മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്യോഗാര്‍ഥികളുടെ യോഗ്യതകള്‍ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തവരില്‍ അഞ്ചു പേരും നിശ്ചിത യോഗ്യതയുള്ളവരും ഒരാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നയാളുമായിരുന്നു.


അപേക്ഷിച്ചവരുടെ പേരും യോഗ്യതയും

1. അനസ് വി.പി- എം.ബി.എ, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം

2. മോഹനന്‍ പി- എം.ബി.എ, എസ്.ബി.ഐയില്‍ റീജ്യണല്‍ മാനേജര്‍, ഡെപ്യൂട്ടേഷനില്‍ വരാമെന്ന് പറഞ്ഞുള്ള സമ്മതപത്രം

3. സഹീര്‍ കാലടി- എം.ബി.എ, മലപ്പുറം മാല്‍ക്കോടെക്‌സ് സ്പിന്നിങ് മില്ലില്‍ ഫിനാന്‍സ് മാനേജരായി 11 വര്‍ഷത്തെ പ്രവൃത്തി പരിചയം

4. റിജാസ് ഹാരിസ്- എം.ബി.എ, ഐ.സി.ഐ.സി.ഐ ബാങ്കില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. നിലവില്‍ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ മാനേജര്‍

5. സാജിദ് മുഹമ്മദ്- എം.ബി.എ, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം

6. ബാബു വി- ധനാകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി

7. കെ.ടി അദീപ് – ബി.ടെ.ക്, പി.ജി.ഡി.ബി.എ, സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍

വാര്‍ത്താ സമ്മേളനം നടത്തിയായിരുന്നു ബന്ധു നിയമന വിഷയത്തില്‍ മന്ത്രി വിശദീകരണം നല്‍കിയത്. ഏഴുപേരാണ് നിയമനത്തിനായി അപേക്ഷ നല്‍കിയത്. ഇതില്‍ മൂന്ന് പേരാണ് അഭിമുഖത്തിനെത്തിയത്. ഇവര്‍ക്കാര്‍ക്കും തന്നെ യോഗ്യയില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിലേക്ക് നീങ്ങുകയായിരുന്നു. ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ സര്‍ക്കാറിന് ഉചിതമായ തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. കെ.എസ്.എസ്.ആര്‍ 1958 9 ബി വകുപ്പ് പ്രകാരമാണ് ഡപ്യൂട്ടേഷന്‍ നിയമനം നടത്തിയതെന്നും ജലീല്‍ പറഞ്ഞിരുന്നു.

ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യരായവരെ കിട്ടാത്തതിനാല്‍ കെ.ടി അദീപിനോട് അങ്ങോട്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് ജോലി സ്വീകരിച്ചതെന്നായിരുന്നു ആരോപണം സംബന്ധിച്ച് മന്ത്രിയുടെ മറുപടി. മാത്രമല്ല സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാനുള്ള വകുപ്പുണ്ടെന്ന വാദവും മന്ത്രി ഉയര്‍ത്തിയിരുന്നു.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ തിരിച്ചു പിടിക്കാനാണ് ജനറല്‍ മാനേജറെ നിയമിച്ചത്. വായ്പകള്‍ തിരിച്ചടക്കാത്തത് ഭൂരിഭാഗവും ലീഗുകാരാണ്. ഇത് തിരിച്ചു പിടിക്കാന്‍ തുടങ്ങിയതോടെയാണ് ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയതെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇന്ന് ബാങ്കിംഗ് സെക്ടറില്‍ ബി.ടെക് ഡിഗ്രി സര്‍വ സാധാരണമാണ്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ വരെ ബി.ടെകുകാരനാണ്. സിവില്‍ സര്‍വീസില്‍ ഇരിക്കുന്ന പലരും ബി.ടെകുകാരാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.


എന്നാല്‍ ഈ വാദത്തെ തള്ളി പി.കേ ഫിറോസ് രംഗത്തെത്തിയിരുന്നു. യോഗ്യതയുള്ളവര്‍ എത്താത്തത് കൊണ്ടാണ് സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തിയതെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും ഏഴ് അപേക്ഷകരുടെയും യോഗ്യതകള്‍ പുറത്ത് വിടണമെന്നും ഫിറോസ് ആവശ്യപ്പെട്ടിരുന്നു.

പേര്‍സണല്‍ സ്റ്റാഫിലേക്കുള്ള നിയമനം പോലെയല്ല മൈനോറിറ്റി ബോര്‍ഡിലേക്കുള്ള നിയമനമെന്നും ബി.ടെക്ക് ഉള്ളത് ചെറിയ യോഗ്യതയല്ല പക്ഷേ ഇത് ജി.എമ്മിന് വേണ്ടിയുള്ള യോഗ്യതയല്ലെന്നും ഫിറോസ് പറഞ്ഞിരുന്നു.