|

നേപ്പാളി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; അധിക്ഷേപിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് കലിംഗ സര്‍വകലാശാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഭുവനേശ്വര്‍ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നേപ്പാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് സര്‍വകലാശാല. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുമായി ജീവനക്കാര്‍ തര്‍ക്കമുണ്ടാക്കുകയും നേപ്പാളിനെ അധിക്ഷേപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

ബി.ടെക് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ നേപ്പാളി വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയതിനും പ്രതിഷേധത്തിനിടെ അവരെ കാമ്പസില്‍ നിന്ന് പുറത്താക്കിയതിനും രണ്ട് ഹോസ്റ്റല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും കെ.ഐ.ഐ.ടി അറിയിച്ചു.

നേപ്പാളിനെയും നേപ്പാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ജീവനക്കാര്‍ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ മാപ്പ് പറഞ്ഞിരുന്നു.

യൂണിവേഴ്‌സിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുകയും ആക്രോശിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ്.

40000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമാണിതെന്നും അത് നിങ്ങളുടെ രാജ്യത്തെ (നേപ്പാള്‍) ബജറ്റിനേക്കാള്‍ കൂടുതലാണെന്നായിരുന്നു വീഡിയോയില്‍ കാണുന്ന സ്ത്രീകള്‍ പറയുന്നത്.

അതേസമയം, ഇന്ത്യയെ വിദ്യാര്‍ത്ഥികള്‍ അപമാനിച്ചുവെന്നും അഴിമതിക്കാരിയെന്നും ദരിദ്രര്‍ എന്നും വിളിച്ചതിനാലാണ് താന്‍ മറുപടി നല്‍കിയതെന്നുമാണ് ക്ഷമാപണം നടത്തിക്കൊണ്ട് പുറത്തുവിട്ട വീഡിയോയില്‍ ജീവനക്കാരി പറയുന്നത്.

നേപ്പാളിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും ആരെയും വ്രണപ്പെടുത്താനോ താഴ്ത്തിക്കെട്ടാനോ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ താന്‍ ഖേദിക്കുന്നുവെന്നും ക്ഷമാപണത്തില്‍ പറയുന്നു.

താന്‍ പറഞ്ഞ കാര്യങ്ങളുമായി സര്‍വകലാശാലയ്‌ക്കോ ഫാക്കല്‍റ്റികള്‍ക്കോ ബന്ധമില്ലെന്നും ജീവനക്കാരി പറയുന്നു. ഗേള്‍സ് ഹോസ്റ്റല്‍ ആന്‍ഡ് സ്റ്റുഡന്റ് അഫയേഴ്സ് ജോയിന്റ് ഡയറക്ടര്‍ ജയന്തി നാഥാണ് ക്ഷമാപണം നടത്തിയത്. അസോസിയേറ്റ് പ്രൊഫസറായ മഞ്ജുസ പാണ്ഡെയും ഒരു വീഡിയോയില്‍ ക്ഷമാപണം നടത്തി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മൂന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയും നേപ്പാള്‍ സ്വദേശിയുമായ പ്രകൃതി ലാംസലിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിദ്യാര്‍ത്ഥിയുടെ ആണ്‍ സുഹൃത്തായിരുന്ന ആദ്വിക് എന്ന വ്യക്തിയില്‍ നിന്നും നേരിട്ട പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബവും സുഹൃത്തുക്കളും പരാതിപ്പെട്ടു.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ക്യാമ്പസിലെ 500ലധികം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അധികൃതര്‍ ചില വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് ബലമായി പുറത്താക്കാന്‍ ശ്രമിച്ചതോടെ വിഷയം കൂടുതല്‍ വഷളാവുകയായിരുന്നു. പിന്നാലെ ക്യാമ്പസ് അധികൃതര്‍ ക്ഷമാപണം നടത്തുകയും നേപ്പാളിലെ വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരണമെന്ന് പറയുകയും ചെയ്തു.

സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ആത്മഹത്യാപ്രേരണക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Content Highlight: Nepali student commits suicide; The university has taken action against the offending employees