national news
നേപ്പാളി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ജീവനക്കാരുടെ അധിക്ഷേപത്തിന് പിന്നാലെ 159 നേപ്പാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 22, 04:12 am
Saturday, 22nd February 2025, 9:42 am

ഭുവനേശ്വര്‍: ഭുവനേശ്വര്‍ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നേപ്പാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജ് അധികൃതര്‍ അപമര്യാദയായി പെരുമാറിയതിന് പിന്നാലെ 159 വിദ്യാര്‍ത്ഥികള്‍ നേപ്പാളിലേക്ക് മടങ്ങി.

റക്‌സോള്‍ അതിര്‍ത്തി പോയിന്റില്‍ നിന്നും 159 വിദ്യാര്‍ത്ഥികള്‍ സ്വന്തം രാജ്യത്തെത്തിയതായി പാര്‍സ അസിസ്റ്റന്റ് ചീഫ് ഡിസ്ട്രിക്ട് ഓഫീസര്‍ സുമന്‍ കുമാര്‍ കര്‍ക്കി അറിയിച്ചു.

യൂണിവേഴ്‌സ്റ്റി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ മുഴുവനും പിരിഞ്ഞുപോകണമെന്ന അധികൃതരുടെ ഉത്തരവിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ നേപ്പാളിലേക്ക് മടങ്ങിയത്.

ഹോസ്റ്റല്‍ ഒഴിഞ്ഞുപോകണമെന്ന അധികൃതരുടെ ഉത്തരവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും പിന്നാലെ വിവാദമാവുകയും ചെയ്തതോടെ അധികൃതര്‍ വിവാദ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വംശീയമായി പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതാണ് വിദ്യാര്‍ത്ഥികളുടെ പിരിഞ്ഞ് പോക്കിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദ്യാര്‍ത്ഥിയുടെ മരണത്തിന് ശേഷം തങ്ങള്‍ പീഡിപ്പിക്കപ്പെടുകയും തങ്ങളോട് മനുഷ്യത്വ രഹിതമായി പലരും പെരുമാറുകയുണ്ടായെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഏകദേശം 1000ത്തിലധികം വിദ്യാര്‍ത്ഥികളാണ് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നേപ്പാളില്‍ നിന്നും വന്ന് പഠിക്കുന്നത്.

സര്‍വകലാശാല ഭരണകൂടം തങ്ങളുടെ സുരക്ഷിതത്വത്തില്‍ ഉറപ്പുനല്‍കുകയും പ്രസ്തുത ജീവനക്കാര്‍ മാപ്പ് പറയുകയും ചെയ്‌തെങ്കിലും പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം ഉണ്ടായിരുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മൂന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയും നേപ്പാള്‍ സ്വദേശിയുമായ പ്രകൃതി ലാംസലിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിദ്യാര്‍ത്ഥിയുടെ ആണ്‍ സുഹൃത്തായിരുന്ന ആദ്വിക് എന്ന വ്യക്തിയില്‍ നിന്നും നേരിട്ട പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബവും സുഹൃത്തുക്കളും പരാതിപ്പെട്ടിരുന്നു.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ക്യാമ്പസിലെ 500ലധികം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അധികൃതര്‍ ചില വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് ബലമായി പുറത്താക്കാന്‍ ശ്രമിച്ചതോടെ വിഷയം കൂടുതല്‍ വഷളാവുകയായിരുന്നു. പിന്നാലെ ക്യാമ്പസ് അധികൃതര്‍ ക്ഷമാപണം നടത്തുകയും നേപ്പാളിലെ വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരണമെന്ന് പറയുകയും ചെയ്തു.

നേപ്പാളിനെതിരെയും നേപ്പാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ജീവനക്കാര്‍ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ മാപ്പ് പറഞ്ഞിരുന്നു. യൂണിവേഴ്സിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുകയും ആക്രോശിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

40000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമാണിതെന്നും അത് നിങ്ങളുടെ രാജ്യത്തെ (നേപ്പാള്‍) ബജറ്റിനേക്കാള്‍ കൂടുതലാണെന്നായിരുന്നു വീഡിയോയില്‍ കാണുന്ന സ്ത്രീകള്‍ പറഞ്ഞത്. ഈ ജീവനക്കാരെ സര്‍വകലാശാല പുറത്താക്കുകയും ചെയ്തിരുന്നു.

Content Highlight: Nepali student commits suicide; 159 Nepali students returned home after being abused by staff