ഇസ്രഈലിലേക്ക് ജോലിക്കായി പൗരൻമാരെ അയക്കരുത്; നേപ്പാൾ സർക്കാരിനോട് തൊഴിലാളി സംഘടനകൾ
national news
ഇസ്രഈലിലേക്ക് ജോലിക്കായി പൗരൻമാരെ അയക്കരുത്; നേപ്പാൾ സർക്കാരിനോട് തൊഴിലാളി സംഘടനകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2024, 9:31 pm

കാഠ്മണ്ഡു: ഗസയ്‌ക്കെതിരായ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ പൗരന്മാരെ ജോലിക്കായി ഇസ്രഈലിലേക്ക് അയക്കരുതെന്ന് നേപ്പാളി പൗരന്‍മാരും വിവിധ തൊഴിലാളി സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനറല്‍ ഫെഡറേഷന്‍ ഓഫ് നേപ്പാള്‍ ട്രേഡ് യൂണിയന്‍സ് ഉള്‍പ്പെടെ മൊത്തം 673 വ്യക്തികളും സംഘടനകളുമാണ് സര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചത്.

ജര്‍മനി ആസ്ഥാനമായുള്ള ഫ്രെഡറിക് നൗമാന്‍ ഫൗണ്ടേഷന്റെ കണക്കനുസരിച്ച് 4,500ലധികം നേപ്പാളി പൗരന്മാര്‍ നിലവില്‍ ഇസ്രഈലില്‍ താമസിക്കുന്നുണ്ട്. ഇവരില്‍ കൂടുതലും ഹോം നേഴ്‌സ് ജോലിക്കായി രാജ്യത്തെത്തിയ സ്ത്രീകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേപ്പാളിലെ തൊഴില്‍, സാമൂഹിക സുരക്ഷാ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിന്‍ എംപ്ലോയ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇസ്രഈലിന്റെ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നതിന് പൗരന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചതായി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു.

മനുഷ്യത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്ന ഇസ്രഈലിലേക്ക് പൗരന്‍മാരെ ജോലിക്ക് അയച്ച് കൊണ്ട് അവരുടെ ജീവന്‍ അപകടത്തിലാക്കരുതെന്ന് സര്‍ക്കാരിനോട് നേപ്പാളി പൗരന്മാരുടെയും സംഘടനകളുടെയും ഒരു കൂട്ടം നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

ഇസ്രഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 10 നേപ്പാളി തൊഴിലാളികള്‍ കൊല്ലപ്പെട്ടതായും ഇവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ പൗരന്‍മാര്‍ ഉപജീവനം മാര്‍ഗം തേടി തങ്ങളുടെ ജീവന്‍ പണയപ്പെടുത്താന്‍ പ്രേരിപ്പിക്കപ്പെടുമ്പോള്‍ അവരെ സംരക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിലൂടെ സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന ഒഴിഞ്ഞ് മാറുകയാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിന് പകരം ഇസ്രഈല്‍ നേപ്പാളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ട് അവരുടെ തൊഴില്‍ ക്ഷാമം നികത്താനാണ് ശ്രമിക്കുന്നത്. അതിലൂടെ നേപ്പാളി പൗരന്‍മാരുടെ ജീവനാണ് അപകടത്തിലാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേപ്പാളി തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തോടൊപ്പം, ഈ സമയത്ത് അവരെ ഇസ്രഈലിലേക്ക് അയക്കാനുള്ള ശ്രമം ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യക്ക് നേപ്പാള്‍ ഭരണകൂടം സഹായിക്കുകയല്ലേയെന്നും സംഘടന ചോദിച്ചു.

Content Highlight: Nepali citizens, organisations urge government not to send workers to Israel amid war on Gaza