നേപ്പാളിൽ വർഗീയ സംഘർഷം; ക്രമസമാധാനം നിലനിർത്താൻ ലോക്ക്ഡൗൺ ഏർപ്പെടുത്തി അധികൃതർ
World News
നേപ്പാളിൽ വർഗീയ സംഘർഷം; ക്രമസമാധാനം നിലനിർത്താൻ ലോക്ക്ഡൗൺ ഏർപ്പെടുത്തി അധികൃതർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th October 2023, 10:02 am

കാഠ്മണ്ഡു: പൊതുവെ ലഹളകൾ വിരളമായ നേപ്പാളിൽ ഹിന്ദു-മുസ്‌ലിം സംഘർഷത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.

മുസ്‌ലിങ്ങളെ കുറിച്ച് ഹിന്ദു ആൺകുട്ടി ശനിയാഴ്ച സമൂഹ മാധ്യമത്തിൽ പോസ്റ്റ്‌ ചെയ്തതിനെ തുടർന്നാണ് ദക്ഷിണ-പടിഞ്ഞാറൻ നേപ്പാളിലെ നേപ്പാൾഗഞ്ച് നഗരത്തിൽ സംഘർഷം ഉടലെടുത്തത്. പോസ്റ്റിനെതിരെ മുസ്‌ലിങ്ങൾ പ്രദേശത്തെ സർക്കാർ കാര്യാലയത്തിൽ കയറി പ്രതിഷേധിക്കുകയും തെരുവിൽ ടയറുകൾ കത്തിക്കുകയും നിരത്തിലെ വാഹനങ്ങൾ തടയുകയും ചെയ്തു.

ഇതിനെതിരെ ഹിന്ദുകൾ റാലി സംഘടിപ്പിച്ചിരുന്നു. റാലിക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് ചിലർക്ക് പരിക്കേറ്റിരുന്നു.

സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയാൻ നേപ്പാൾഗഞ്ചിൽ ഒക്ടോബർ 3ന് അനിശ്ചിതകാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു. നഗരത്തിൽ പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്.

സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് വീടുകൾ വിട്ട് പുറത്തുപോകുന്നതിൽ നിന്നും കൂട്ടംചേരുന്നതിൽ നിന്നും ജനങ്ങളെ വിലക്കിയിട്ടുണ്ടെന്ന് ഏരിയ പൊലീസ് മേധാവി സന്തോഷ്‌ റാതോർ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോ ബുദ്ധനാഴ്ചയോ സംഘർഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു.

നേപ്പാളിൽ വർഗീയ ലഹളകൾ പൊതുവെ ഉണ്ടാകാറില്ല. ഹിന്ദു ഭൂരിപക്ഷമായ നേപ്പാൾ കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു മതേതര രാജ്യമായി മാറിയത്. നേപ്പാൾഗഞ്ചിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് മാത്രമാണ് മുസ്‌ലിങ്ങൾ.

CONTENT HIGHLIGHT: Nepal town imposes a lockdown and beefs up security to prevent communal riot