ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു; ഇന്ത്യന്‍ ആന്റിബയോട്ടിക് ഇഞ്ചക്ഷന്റെ വില്‍പ്പന നിര്‍ത്തിവെച്ച് നേപ്പാള്‍
national news
ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു; ഇന്ത്യന്‍ ആന്റിബയോട്ടിക് ഇഞ്ചക്ഷന്റെ വില്‍പ്പന നിര്‍ത്തിവെച്ച് നേപ്പാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2024, 3:10 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ആന്റിബയോട്ടിക് ഇന്‍ജക്ഷനായ ബയോടാക്സ് 1 ഗ്രാമിന്റെ വില്‍പ്പന നിര്‍ത്തിവെച്ച് നേപ്പാള്‍. ബാക്ടീരിയ അണുബാധകള്‍ തടയുന്നതിനായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നാണ് ബയോടാക്‌സ് 1 ഗ്രാം ഇന്‍ജക്ഷന്‍.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നേപ്പാളിലെ നാഷണല്‍ മെഡിസിന്‍ റെഗുലേറ്ററി അതോറിറ്റിയായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (ഡി.ഡി.എ) ബയോടാക്സ് 1 ഗ്രാമിന്റെ വില്‍പ്പനയും വിതരണവും നിര്‍ത്തിവെച്ചത്.
ഇന്ത്യന്‍ ഫാര്‍മ കമ്പനിയായ സൈഡസ് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡാണ് ബയോടാക്‌സ് നിര്‍മിക്കുന്നത്.

‘ബയോടാക്സ് 1 ഗ്രാം’ ബാച്ച് എഫ് 300460 ന്റെ ലബോറട്ടറി പരിശോധനയില്‍ മരുന്ന് ഉത്പാദന മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് ഉപയോഗത്തിന് സുരക്ഷിതമല്ലെന്ന് വ്യക്തമാണ്. മാത്രമല്ല ഇതിന്റെ ഉപയോഗം രോഗികളുടെ ജീവന്‍വരെ അപകടത്തിലാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്,’ റിപ്പോര്‍ട്ട് പറയുന്നു.

മരുന്നിന്റെ വില്‍പ്പനയും ഇറക്കുമതിയും വിതരണവും ഉടനടി നിര്‍ത്തിവെക്കാന്‍ ഉല്‍പ്പാദന കമ്പനിയോടും ഇറക്കുമതിക്കാരോടും വിതരണക്കാരോടും തങ്ങള്‍ നിര്‍ദ്ദേശിച്ചതായി വകുപ്പ് വക്താവ് പ്രമോദ് കെ.സി പറഞ്ഞു.

‘പ്രസ്തുത ആന്റിബയോട്ടിക്കില്‍ ചില ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുടര്‍ നടപടികളെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസ്തിഷ്‌കം, ശ്വാസകോശം, ചെവി, മൂത്രനാളി, ചര്‍മ്മം, എല്ലുകള്‍, സന്ധികള്‍, രക്തം, ഹൃദയം എന്നിവയുള്‍പ്പെടെയുള്ള ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഒരു ആന്റിബയോട്ടിക് മരുന്നാണ് ബയോടാക്‌സ് 1 ഗ്രാം ഇഞ്ചക്ഷന്‍.

മരുന്നിന്റെ വിതരണം നിര്‍ത്തിവെച്ചത് ഒരു തരത്തിലും രോഗികളെ ബാധിക്കില്ലെന്നും മറ്റ് കമ്പനികള്‍ നിര്‍മിക്കുന്ന അതേ കോമ്പോസിഷനിലുള്ള കുത്തിവയ്പ്പുകള്‍ വിപണിയില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വില്‍പ്പന നിര്‍ത്തിവെച്ച നേപ്പാള്‍ സര്‍ക്കാരിന്റെ നിലപാടില്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനിയായ സൈഡസ് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് മറുപടി നല്‍കിയിട്ടില്ല.

Content Highlight: Nepal suspends sales of Indian antibiotic injection Biotax 1gm: Report