കാഠ്മണ്ഡു: ബാബാ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്ജലിയുടെ കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട കൊറോണില്‍ മരുന്നിന്റെ വിതരണം നിര്‍ത്തിവെച്ച് നേപ്പാള്‍. നേപ്പാളിലെ ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് വിതരണം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവായത്.
ശാസ്ത്രീയമായ രീതി പിന്തുടര്‍ന്നല്ല മരുന്നുകള്‍ ഉത്പ്പാദിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിതരണം നിര്‍ത്തിവെച്ചത്.
വിതരണത്തിനായി എത്തിച്ച കൊറോണില്‍ ഗുളികകള്‍ക്കും നേസല്‍ ഡ്രോപ്പുകള്‍ക്കും കൊവിഡ് 19 വൈറസിനെ ഇല്ലാതാക്കാനുള്ള ശേഷിയില്ലെന്നും നേപ്പാള്‍ ആയുര്‍വേദ വകുപ്പ് അധികൃതര്‍ പറയുന്നു.
കൊറോണിലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തന്നെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മരുന്നിന്റെ വിതരണം നിര്‍ത്തിവെയ്ക്കാന്‍ നേപ്പാള്‍ ആരോഗ്യ മന്ത്രാലയം തയ്യാറായത്.
കൊവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണിലിനെതിരെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എതിര്‍പ്പുകള്‍ക്ക് മറുപടിയായി തങ്ങളുടെ മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു പതഞ്ജലിയുടെ വാദം.
ഫെബ്രുവരി 19നാണ് കൊവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ മരുന്ന് ഫലപ്രദമാണെന്ന് പ്രഖ്യാപിച്ച് പതഞ്ജലി സ്ഥാപകനായ രാംദേവ് രംഗത്തെത്തിയത്. മരുന്ന് ഫലപ്രദമാണ് എന്നതിന്റെ ശാസ്ത്രീയ തെളിവുകള്‍ ആണെന്ന് അവകാശപ്പെട്ട് ചില രേഖകളും രാംദേവ് പുറത്തുവിട്ടിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അടക്കം പങ്കെടുത്ത ചടങ്ങിലാണ് തെളിവ് എന്ന അവകാശപ്പെടുന്ന രേഖകള്‍ പുറത്തുവിട്ടത്. കൊവിഡിനുള്ള മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ കഴിച്ച് രോഗം ഭേദമായെന്നായിരുന്നു രാംദേവിന്റെ അവകാശവാദം.
എന്നാല്‍ പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഫാക്ട് ചെക്കിംഗ് സൈറ്റായ ആള്‍ട്ട് ന്യൂസ് കണ്ടെത്തിയിരുന്നു.
ന്യൂസ് 18, ഏഷ്യാനെറ്റ് ന്യൂസ് ഹിന്ദി, ജിയോ ന്യൂസ്, ന്യൂസ് നേഷന്‍, ടിവി 9 തുടങ്ങിയ മാധ്യമങ്ങള്‍ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു.
ന്യൂസ് നാഷണ്‍ പതഞ്ജലി സ്ഥാപകന്‍ രാംദേവുമായി നടത്തിയ ‘എക്സ്‌ക്ലൂസീവ്’ അഭിമുഖത്തിലാണ് അവതാരകന്‍ ദീപക് ചൗരാസിയ കൊവിഡിനെ തടയാന്‍ ഫലപ്രദമായ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്ന് അവകാശപ്പെട്ടത്.
ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം തന്റെ കമ്പനി സന്ദര്‍ശിക്കുകയും കൊറോണിലിന് 150 ലധികം രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് അര്‍ഹതയുണ്ടെന്ന് കരുതുന്ന ലൈസന്‍സ് നല്‍കുകയും ചെയ്തുവെന്നും രാംദേവ് അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കൊറോണിലിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ ഗുഡ്സ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) കംപ്ലയിന്റ് സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡക്റ്റ് (സി.പി.പി) ആണ് ലഭിച്ചതെന്ന് പറഞ്ഞ് പതഞ്ജലി ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ബാല്‍കൃഷ്ണ രംഗത്തെത്തുകയായിരുന്നു.