| Wednesday, 28th June 2023, 11:59 pm

സ്വവര്‍ഗ വിവാഹം താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് നേപ്പാള്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: സ്വവര്‍ഗ വിവാഹം താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് നേപ്പാള്‍ സുപ്രീം കോടതി. ദമ്പതികള്‍ ആവശ്യപ്പെട്ടാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി നല്‍കണമെന്ന് ജസ്റ്റിസ് തില്‍ പ്രസാദ് ശ്രേഷ്ഠ സര്‍ക്കാരിനോട് ഉത്തരവിട്ടു.

ആക്ടിവിസ്റ്റ് പിന്‍ങ്കി ഗുരുങ്ക് ഉള്‍പ്പെടെ ഏഴ് പേര്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മന്ത്രിസഭാ കൗണ്‍സില്‍ ഓഫീസിനും റിട്ട് നല്‍കി. വിഷയത്തില്‍ 15 ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 15 വര്‍ഷം മുന്‍പ് സ്വവര്‍ഗ വിവാഹത്തിന് സുപ്രീംകോടതി അനുമതി നല്‍കിയിട്ടും നേപ്പാള്‍ നിയമം വിവാഹത്തിന് തടസം നില്‍ക്കുന്നതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹരജിക്കാര്‍ പറയുന്നു.

സെക്ഷന്‍ 69 (1) എല്ലാ പൗരന്മാര്‍ക്കും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, സെക്ഷന്‍ 18 (1) നിയമത്തിന് മുന്‍പില്‍ എല്ലാവരും തുല്യരാണ് തുടങ്ങിയ ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

സ്വവര്‍ഗ വിവാഹത്തിനായുള്ള നിയമം രൂപീകരിക്കുന്നത് വരെ സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്ന് പിങ്കി ഗുരുങ്ക് മാധ്യമങ്ങളോട് പറഞ്ഞു. സ്വവര്‍ഗ വിവാഹത്തിനുള്ള അനുമതി സുപ്രീംകോടതി നല്‍കിയിരുന്നെങ്കിലും പ്രത്യേക നിയമത്തിന്റെ അഭാവത്തില്‍ ഇത് നടപ്പാക്കാത്തതിനാലാണ് ഇവര്‍ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Nepal’s SC  issued an interim order to the government to temporarily register same-sex marriage

We use cookies to give you the best possible experience. Learn more