കുട്ടിക്രിക്കറ്റിന്റെ കളിത്തട്ടിലേക്ക് അവര്‍ വരുന്നു; നേപ്പാളിന് ഇത് പുതുചരിത്രം
Cricket
കുട്ടിക്രിക്കറ്റിന്റെ കളിത്തട്ടിലേക്ക് അവര്‍ വരുന്നു; നേപ്പാളിന് ഇത് പുതുചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd November 2023, 4:24 pm

2024ല്‍ നടക്കുന്ന ടി-20 ലോകകപ്പിന് യോഗ്യത നേടി നേപ്പാള്‍. ചരിത്രത്തില്‍ ആദ്യമായാണ് നേപ്പാള്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. യോഗ്യത മത്സരത്തില്‍ യു.എ.ഇയെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് നേപ്പാള്‍ ലോകകപ്പിലേക്ക് മുന്നേറിയത്.

കാഠ്മണ്ഡുവിലെ മുള്‍പാനി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. യു.എ.ഇ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എന്ന നിലയില്‍ ഒതുങ്ങുകയായിരുന്നു.

യു.എ.ഇ വിക്കറ്റ് കീപ്പര്‍ അരവിന്ദ് 51 പന്തില്‍ നിന്നും 64 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. എട്ട് ഫോറുകളുടെയും രണ്ട് പടുകൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

എന്നാല്‍ മറ്റ് താരങ്ങള്‍ക്കൊന്നും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കാതെ പോയതാണ് യു.എ.ഇക്ക് തിരിച്ചടിയായത്.

നേപ്പാള്‍ ബൗളിങ് നിരയില്‍ കുശാല്‍ മല്ല മൂന്ന് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളും ലാമിച്ചനെ നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ 17.1 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. 51 പന്തില്‍ 64 റണ്‍സ് നേടി ആസിഫ് ഷെയ്ക് മികച്ച പ്രകടനം നടത്തി. ആസിഫിന് പുറമെ നായകന്‍ രോഹിത് പൗഡല്‍ രണ്ട് സിക്സറും രണ്ട് ഫോറും നേടി വെടിക്കെട്ട് നടത്തിയപ്പോള്‍ നേപ്പാള്‍ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ നേപ്പാള്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി.

അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും യു.എസ്.എയിലും ആണ് ടി-20 ലോകകപ്പ് അരങ്ങേറുക.

Content Highlight: Nepal qualify T20 World Cup 2024 the first time in history.