|

നേപ്പാളില്‍ അധികാര തര്‍ക്കം രൂക്ഷം; പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: അധികാരം തര്‍ക്കം രൂക്ഷമായതോടെ നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി രാഷ്ട്രപതി ബിന്ധ്യദേവി ഭണ്ഡാരിയോട് ആവശ്യപ്പെട്ടത്.

ഞായറാഴ്ച രാവിലെ മുതല്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ അടിയന്തര ക്യാബിനറ്റ് യോഗം നടന്നുവരികയായിരുന്നു. ഈ യോഗത്തിലാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ തീരുമാനമായത്.

തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ നേരിട്ടെത്തിയ പ്രധാനമന്ത്രി മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിയെ അറിയിക്കുകയായിരുന്നു.

എന്നാല്‍ ശര്‍മ്മയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം ഭരണഘടന വിരുദ്ധമാണെന്നും പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാതെ പെട്ടെന്ന് എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് വലിയ നില നല്‍കേണ്ടി വരുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ നേപ്പാളിലെ പ്രതിപക്ഷകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം ശര്‍മ്മയുടെ തീരുമാനത്തിനെതിരെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒലിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുതിര്‍ന്ന എന്‍.സി.പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മാധവ് കുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രിക്ക് ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഇദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: K P Sharma Oli Dissolves Parliament