സ്വന്തം പേരിനോടും പെരുമയോടും നീതി പുലര്‍ത്താന്‍ സാധിക്കാതെ ധവാന്‍; ഐ.പി.എല്ലിന് പുറത്തെ ആദ്യ പരാജയം
Sports News
സ്വന്തം പേരിനോടും പെരുമയോടും നീതി പുലര്‍ത്താന്‍ സാധിക്കാതെ ധവാന്‍; ഐ.പി.എല്ലിന് പുറത്തെ ആദ്യ പരാജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd December 2024, 5:14 pm

 

നേപ്പാള്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ കര്‍ണാലി യാക്ക്‌സിന് പരാജയം. കീര്‍ത്തിപൂരിലെ ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരരത്തില്‍ ജനക്പൂര്‍ ബോള്‍ട്‌സാണ് യാക്ക്‌സിനെ പരാജയപ്പെടുത്തിയത്. എട്ട് വിക്കറ്റിനാണ് ബോള്‍ട്‌സ് ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്.

ഇന്ത്യന്‍ സൂപ്പര്‍ താരം ശിഖര്‍ ധവാന്‍ ടീമിന്റെ ഭാഗമാകുന്നു എന്നതാണ് കര്‍ണാലി യാക്ക്‌സിനെ ആരാധകര്‍ക്കിടയില്‍ സ്‌പെഷ്യലാക്കിയത്. ഇന്ത്യക്ക് പുറത്ത്, ഐ.പി.എല്‍ അല്ലാതെ ധവാന്‍ കളിക്കുന്ന ആദ്യ ഫ്രാഞ്ചൈസി ലീഗ് എന്ന പ്രത്യേകതയും നേപ്പാള്‍ പ്രീമിയര്‍ ലീഗിനുണ്ട്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്റെ പേരിനോടും പെരുമയോടും നീതി പുലര്‍ത്തിയ പ്രകടനമല്ല താരം പുറത്തെടുത്തത്.

മത്സരത്തില്‍ ടോസ് നേടിയ കര്‍ണാലി നായകന്‍ സോംപല്‍ കാമി ബാറ്റിങ് തെരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ ആദ്യ മത്സരം വിജയിച്ചുകൊണ്ട് തുടങ്ങാമെന്ന് പ്രതീക്ഷിച്ച ക്യാപ്റ്റന് നിരാശപ്പെടുത്തുന്ന തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്.

ദേവ് ഖാനെല്‍ അഞ്ച് പന്തില്‍ ഒരു റണ്‍സുമായി മടങ്ങിയപ്പോള്‍ 14 പന്തില്‍ 14 റണ്‍സാണ് ധവാന്‍ സ്വന്തമാക്കിയത്. മൂന്ന് ബൗണ്ടറികള്‍ മാത്രമായിരുന്നു മിസ്റ്റര്‍ ഐ.സി.സി.യുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

വണ്‍ ഡൗണായെത്തിയ ചാഡ്വിക് വാള്‍ട്ടണ്‍ 12 പന്തില്‍ എട്ട് റണ്‍സും ബാബര്‍ ഹയാത്ത് 25 പന്തില്‍ 12 റണ്‍സും നേടി മടങ്ങി. അഞ്ചാം നമ്പറിലെത്തിയ സീഷന്‍ മഖ്‌സൂദ് സില്‍വര്‍ ഡക്കായും പുറത്തായതോടെ വലിയ സമ്മര്‍ദത്തിലേക്ക് യാക്ക്‌സ് വീണു.

ടി-20 ഫോര്‍മാറ്റിന്റെ ആവേശമൊന്നും തരാതെ മുന്നോട്ട് പോയ ഇന്നിങ്‌സിന് അല്‍മെങ്കിലും വേഗം നല്‍കിയത് ഗുല്‍സന്‍ ഝായും അര്‍ജുര്‍ ഘാര്‍തിയും ചേര്‍ന്നാണ്. ഝാ 27 പന്തില്‍ നിന്നും 36 റണ്‍സ് നേടിയപ്പോള്‍ 22 പന്തില്‍ 33 റണ്‍സാണ് ഘാര്‍തി സ്വന്തമാക്കിയത്.

പ്രതീക്ഷവെച്ച ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ സോംപല്‍ കാമി മാത്രമാണ് യഥാര്‍ത്ഥ ടി-20 ശൈലിയില്‍ ബാറ്റ് വീശിയത്. 13 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ പുറത്താകാതെ 29 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 എന്ന നിലയില്‍ യാക്ക്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. നേരത്തെ ബാബര്‍ ഹയാത്ത് അടക്കമുള്ളവര്‍ പാഴാക്കിക്കളഞ്ഞ പന്ത് ഒരുപക്ഷേ ക്യാപ്റ്റന് ലഭിച്ചിരുന്നെങ്കില്‍ സ്‌കോര്‍ ബോര്‍ഡില്‍ അല്‍പ്പം കൂടി മെച്ചപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്താന്‍ യാക്ക്‌സിന് സാധിക്കുമായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബോള്‍ട്‌സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആദ്യ വിക്കറ്റില്‍ 84 റണ്‍സാണ് ക്യാപ്റ്റന്‍ അനില്‍ ഷായും ആസിഫ് ഷെയ്ഖും ചേര്‍ന്ന് നേടിയത്.

29 പന്തില്‍ നിന്നും 36 റണ്‍സ് നേടിയ ഷെയ്ഖിന്റെ വിക്കറ്റാണ് ബോള്‍ട്‌സിന് ആദ്യം നഷ്ടമായത്. ലാഹിരു മിലാന്തയെയും ജെയിംസ് നീഷമിനെയും ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച ക്യാപ്റ്റന്‍ അനില്‍ ഷാ 29 പന്ത് ബാക്കി നില്‍ക്കവെ വിജയലക്ഷ്യം മറികടന്നു.

42 പന്തില്‍ പുറത്താകാതെ 62 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് സിക്‌സറും അതിന്റെ ഇരട്ടി ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഷായുടെ ഇന്നിങ്‌സ്. കളിയിലെ താരവും ബോള്‍ട്‌സിന്റെ ക്യാപ്റ്റന്‍ തന്നെ.

ഡിസംബര്‍ നാലിനാണ് ശിഖര്‍ ധവാന്റെ ടീം അടുത്ത മത്സരത്തിനറങ്ങുന്നത്. കീര്‍ത്തിപൂരില്‍ നടക്കുന്ന മത്സരത്തില്‍ കാഠ്മണ്ഡു ഗൂര്‍ഖാസാണ് എതിരാളികള്‍. ഗൂര്‍ഖാസും തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.

 

Content Highlight: Nepal Premier League: Shikhar Dhawan disappoints , Janakpur Bolts defeated Karnali Yaks