| Tuesday, 27th September 2022, 5:32 pm

ബലാത്സംഗ പരാതി; ഒളിവില്‍ പോയ ദല്‍ഹി ക്യാപ്പിറ്റല്‍സ് സൂപ്പര്‍ താരത്തിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി പൊലീസ്

സ്പോര്‍ട്സ് ഡെസ്‌ക്

ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍ താരവും നേപ്പാള്‍ ക്രിക്കറ്റ് ടീം നായകനുമായ സന്ദീപ് ലാമിഷാനെ (Sandeep Lamichhane) കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായമഭ്യര്‍ത്ഥിച്ച് നേപ്പാള്‍ പൊലീസ്. 17 വയസുകാരിയെ ബലാത്സംഗം ചെയ്‌തെന്നാണ് സന്ദീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

സെപ്റ്റംബര്‍ എട്ടിനാണ് 17 വയസുകാരിയായ പെണ്‍കുട്ടി സന്ദീപിനെതിരെ പരാതി നല്‍കിയത്. പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സന്ദീപിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ താരത്തെ അറസ്റ്റ് ചെയ്യാന്‍ കോടതിയും ഉത്തരവിട്ടിരുന്നു.

22 വയസുകാരനായ സന്ദീപ് നേപ്പാളിലെ ഏറ്റവും മൂല്യമേറിയ താരമാണ്. നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരത്തിനെതിരെ കോടതി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ താന്‍ എത്രയും പെട്ടെന്ന് നേപ്പാളിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു താരം പറഞ്ഞത്.

എന്നാല്‍ തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ രാജ്യത്തേക്ക് മടങ്ങിയെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

‘തെറ്റായ ആരോപണങ്ങളും മോശമായി ചിത്രീകരിച്ചതും എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഞാന്‍ സ്വയം ഒറ്റപ്പെടുത്തുകയാണിപ്പോള്‍. ഡോക്ടറുടെ സഹായത്തോടെ ഞാന്‍ പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുകയാണ്.

എനിക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്നും എന്റെ നിരപരാധിത്വം തെളിയിക്കാനും ഞാന്‍ ഉടന്‍ നേപ്പാളിലേക്ക് മടങ്ങിയെത്തും,’ സന്ദീപിന്റെ പോസ്റ്റില്‍ പറയുന്നു.

സന്ദീപിനെതിരെ ഇന്റര്‍പോള്‍ ഡിഫ്യൂഷന്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റര്‍പോള്‍ തങ്ങളുടെ സഖ്യരാജ്യങ്ങളോട് സന്ദീപിനെ കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഇന്റര്‍പോളിന്റെ സഹായത്തോടെ സന്ദീപ് ലാമിഷാനെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ നേപ്പോള്‍ പൊലീസ് വക്താവ് പറഞ്ഞു.

ഐ.പി.എല്‍, കരീബിയന്‍ പ്രീമിയര്‍ ലീഗ് (സി.പി.എല്‍), ബിഗ് ബാഷ് ലീഗ് (ബി.ബി.എല്‍) തുടങ്ങി ലോകത്തിലെ പ്രമുഖ ഫ്രാഞ്ചൈസി ലീഗുകളിലെല്ലാം താരം കളിച്ചിട്ടുണ്ട്.

നേപ്പാള്‍ ദേശീയ ടീമിനായി 30 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളും 41 അന്താരാഷ്ട്ര ടി-20 മത്സരങ്ങളും സന്ദീപ് കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ നിന്നും 69 വിക്കറ്റും ടി-20യില്‍ 85 വിക്കറ്റുമാണ് താരം കരസ്ഥമാക്കിയത്.

Content Highlight: Nepal Police has sought Interpol’s help to find fugitive former Delhi Capitals Sandeep Lamichhane

We use cookies to give you the best possible experience. Learn more