| Sunday, 24th January 2021, 10:26 pm

നേപ്പാൾ പ്രധാനമന്ത്രിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി വിമത വിഭാ​ഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്നെ വിമതർ പുറത്താക്കി.

ഞായറാഴ്ച ചേര്‍ന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ വിമത വിഭാഗത്തിന്റെ യോ​ഗത്തിലാണ് ഒലിയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. തീരുമാനത്തിന് പിന്നാലെ ഒലിയുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തുകളഞ്ഞതായും വിമത വിഭാ​ഗം അറിയിച്ചു.

വിമത വിഭാഗത്തിന്‍റെ വക്താവ് നാരായണ്‍ കാജി ഷെരസ്ത്രയാണ് ഒലിയെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നും നീക്കം ചെയ്ത വിവരം ഔദ്യോ​ഗികമായി അറിയിച്ചത്.
ഇന്നത്തെ കേന്ദ്രകമ്മിറ്റിയോ​ഗത്തിൽ കെ.പി ശർമ്മ ഒലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ഔദ്യോ​ഗികമായി കൈകൊണ്ടു. ഇപ്പോൾ അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാഥമിക അം​ഗത്വം പോലുമില്ല, നാരായണ്‍ കാജി പറഞ്ഞു.

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി പ്രജണ്ഡയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആധിപത്യമുള്ളത്. അതേ സമയം നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്തായ ഒലി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈജ് മാര്‍ക്സിറ്റ് ലെനിസ്റ്റ്) എന്ന പാര്‍ട്ടി പുനര്‍ജ്ജീവിപ്പിക്കും എന്നാണ് സൂചനകള്‍.

കഴിഞ്ഞ ഡിസംബര്‍ 20 ഓടെയാണ് നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നത്. ഒലി ഭരണകക്ഷിയെ അത്ഭുതപ്പെടുത്തി 275 അംഗ നേപ്പാള്‍ പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് നിര്‍ദേശിച്ചിരുന്നു. ഇത് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വലിയ തര്‍ക്കത്തിന് വഴിയൊരുക്കി.

ഇതിന് പിന്നാലെ നേപ്പാള്‍ രാഷ്ട്രപതി ബിന്ധ്യ ദേവി ഭണ്ഡാരി നേപ്പാള്‍ പാര്‍ലമെന്‍റ് പിരിച്ചുവിടുകയും ഏപ്രില്‍ 30നും, മെയ് 10 നും രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി പ്രജണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി രാഷ്ട്രപതി ബിന്ധ്യദേവി ഭണ്ഡാരിയോട് ആവശ്യപ്പെട്ടത്.

നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് ചെയര്‍മാന്മാരായിരുന്നു പ്രചണ്ഡയും ഓലിയും.
നേപ്പാളിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്നും. ഇത് നേപ്പാളിന്‍റെ ആഭ്യന്തര പ്രശ്നങ്ങളാണ് എന്ന നിലപാടാണ് വിഷയത്തിൽ ഇന്ത്യ സ്വീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Nepal PM Expelled From Ruling Party Amid Political Chaos: Report

We use cookies to give you the best possible experience. Learn more