ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം; എതിര്‍ത്ത് ഇന്ത്യ
World News
ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം; എതിര്‍ത്ത് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2020, 9:13 am

കാഠ്മണ്ഡു: ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് നേപ്പാള്‍.

ഇന്ത്യയുടെ ഭൂപടത്തില്‍ ഉള്‍പ്പെട്ട 370 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ലിംപിയാദുരെ, കാലാപനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്റെ പുതിയ ഭൂപടം.

ഇന്ത്യ, ചൈന, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ലിപുലേഖ് . 1962ലെ ചൈനയുമായുള്ള യുദ്ധം മുതല്‍ ഇന്ത്യ കാവല്‍ നില്‍ക്കുന്ന വളരെ തന്ത്രപ്രധാനമായ മേഖലയാണിത്.

ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് നേപ്പാളിലെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.  പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പായതോടെ ബില്ല് പാര്‍ലമെന്റില്‍ പാസാകുമെന്ന കാര്യത്തില്‍ തീരുമാനമായി.

നേപ്പാള്‍ നിയമ മന്ത്രി ശിവ മായയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

നേപ്പാളിന്റെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

നേപ്പാളിന്റെ വാദം ചരിത്രവസ്തുതകള്‍ക്കെതിരാണെന്ന് പറഞ്ഞ ഇന്ത്യ ഈ നടപടിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഇന്ത്യ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നു.

നേപ്പാളിലെ ഭരണകക്ഷിയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ മാസം ആദ്യം തന്നെ പുതിയ ഭൂപടത്തിന് അംഗീകാരം നല്‍കിയുന്നു.

ലിപുലേഖുമായി ഉത്തരാഖണ്ഡിലെ ധര്‍ച്ചുലയെ ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് ഇന്ത്യ തുറന്നതിനുപിന്നാലെയാണ് ഭൂപടപരിഷ്‌കരണനടപടികളുമായി നേപ്പാള്‍ രംഗത്തെത്തിയത്.

ബ്രീട്ടീഷുകാരുമായുള്ള 1816ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലെഖ് പാസ് തങ്ങളുടേതാണെന്ന് നേപ്പാള്‍ അവകാശപ്പെടുന്നത്.

അതിര്‍ത്തി സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ കൊവിഡിന്റെ പേരിലും നേപ്പാള്‍ ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ കൃത്യമായ പരിശോധനയില്ലാതെയാണ് രാജ്യത്തേക്ക് വരുന്നതെന്നും ഇത് കൊവിഡിന്റെ വ്യാപനത്തിനും കാരണമായെന്നുമാണ്
നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി പറഞ്ഞത്.

ഇന്ത്യന്‍ വൈറസ് ഇപ്പോള്‍ ചൈനീസിനേക്കാളും ഇറ്റാലിയനേക്കാളും മാരകമാണെന്നും ഓലി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക