ന്യൂദല്‍ഹി: നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അയല്‍രാജ്യങ്ങളെ അനുവദിക്കില്ലെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലി. ന്യൂദല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യ-നേപ്പാള്‍ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനത്തിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ നേപ്പാള്‍ നേതാവാണ് പ്രദീപ് ഗ്യാവലി.
നേപ്പാളിലെ നേതാക്കള്‍ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ളവരാണ്. അതിന് ബാഹ്യശക്തികളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയുമായും ചൈനയുമായും തങ്ങള്‍ക്ക് മെച്ചപ്പെട്ട ബന്ധമാണുളളത്. ഒരു രാജ്യവുമായുള്ള ബന്ധം മറ്റേ രാജ്യവുമായുള്ള ബന്ധത്തെ ബാധിക്കില്ല. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല’, പ്രദീപ് പറഞ്ഞു.
അതേസമയം അതിര്‍ത്തി പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുമെന്ന മുന്നറിയിപ്പുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
നേപ്പാളിന്റെ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ തങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ഇന്ത്യന്‍ സൈന്യം അതിര്‍ത്തി പ്രദേശങ്ങള്‍ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കാനാണ് ശ്രമിച്ചതെന്നും ഒലി പറഞ്ഞു.
സൈന്യം നിലയുറപ്പിച്ച ശേഷം ആ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ നേപ്പാളിലെ ഭരണാധികാരികള്‍ ശ്രമിച്ചില്ലെന്നും ഒലി പറഞ്ഞു.. കാലാപാനിയില്‍ ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. അത് യഥാര്‍ത്ഥത്തില്‍ നേപ്പാളിന്റെ പ്രദേശമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവയുള്‍പ്പെടുന്ന മാപ്പ് നിര്‍മ്മിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കിടയിലും ഭിന്നത രൂക്ഷമാക്കുമെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്താതെ നേപ്പാളിന്റെ അവകാശം ഇന്ത്യയെ അറിയിക്കും. നമ്മുടെ പ്രദേശങ്ങള്‍ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കും’, ഒലി പറഞ്ഞു.
അതേസമയം ചൈനയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വളരെ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള റോഡ് ഗതാഗതം മെച്ചപ്പെടുന്നുവെന്നും നേപ്പാളിനെയും ചൈനയിലെ ടിബറ്റന്‍ സ്വയംഭരണ പ്രദേശത്തെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു പുതിയ തുരങ്കത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നും ഒലി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Nepal Foriegn Minister Comments On Internal Issues