നേപ്പാളിലെ 'ആര്‍ത്തവ കുടിലില്‍' പെട്ട് പെണ്‍കുട്ടി മരിച്ച സംഭവം; ബന്ധു അറസ്റ്റില്‍
Worldnews
നേപ്പാളിലെ 'ആര്‍ത്തവ കുടിലില്‍' പെട്ട് പെണ്‍കുട്ടി മരിച്ച സംഭവം; ബന്ധു അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th December 2019, 6:32 pm

കാണ്ഡ്മണ്ടു: നേപ്പാളില്‍ ആര്‍ത്തവമായാല്‍ സ്ത്രീകളെ മാറ്റി പാര്‍പ്പിക്കുന്ന കുടിലില്‍ കുടുങ്ങി പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തു.

നേപ്പാളിലെ ചൗപാടി എന്ന ആചാരപ്രകാരം ആര്‍ത്തവമായപ്പോള്‍ പര്‍ബതി ബുദ രവത് എന്ന എന്ന ഇരുപത്തിഒന്നുകാരിയെ   ആര്‍ത്തവകാലത്ത് മാറി താമസിക്കേണ്ട കുടിലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ തണുപ്പകറ്റാന്‍ വേണ്ടി കുടിലില്‍  കത്തിച്ച തീ ആളിപ്പടര്‍ന്ന് പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. ഡിസംബര്‍ ആദ്യ വാരമാണ് പെണ്‍കുട്ടി മരണപ്പെടുന്നത്. പെണ്‍കുട്ടിയുടെ ബന്ധുവായ ജനക് ഷാഷി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. നേപ്പാളില്‍ ആദ്യമായാണ് ചൗപാടി നടത്തിയതിന്റെ പേരില്‍ ഒരാള്‍ അറസ്റ്റിലാവുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേപ്പാളിലെ ഹിന്ദുമത വിശ്വാസ പ്രകാരം ആര്‍ത്തവ കാലത്ത് സ്ത്രീകളെ വളരെ ചെറിയൊരു കുടിലിലേക്കോ അല്ലെങ്കില്‍ കാലിത്തൊഴുത്തിലേക്കോ മാറ്റി പാര്‍പ്പിക്കും.  ഇതിനെ സ്ത്രീകള്‍ എതിര്‍ക്കുന്ന പക്ഷം നിര്‍ബന്ധ പൂര്‍വ്വം മാറ്റി പാര്‍പ്പിക്കുകയാണ് പതിവ്.  നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഈ ആചാരത്തെ ചപൗടി എന്നാണ് വിളിക്കുന്നത്.

ഈ സമയത്ത് പുരുഷന്‍മാരെ സ്പര്‍ശിക്കാനോ ചില ഭക്ഷണങ്ങള്‍ തൊടാനോ അനുവദിക്കില്ല. കനത്ത തണുപ്പാണ് ഇത്തരം കുടിലുകളില്‍ അനുഭവപ്പെടുക. മൃഗങ്ങളുടെയും ക്ഷുദ്ര ജീവികളുടെയും ആക്രമണങ്ങള്‍ക്കും സാധ്യത കൂടുതലാണ്.
സ്ത്രീകളെ ഇത്തരത്തില്‍ മാറ്റി പാര്‍പ്പിച്ചില്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള ആപത്തുകള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2005 ല്‍ നേപ്പാള്‍ ഭരണകൂടം ഈ ആചാരം നിരോധിക്കുകയും 2017 ല്‍ ഈ ആചാരം നടത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുകയും ചെയ്തതാണ്. എന്നാല്‍ ഇതിനു ശേഷവും വ്യാപകമായി നേപ്പാളിലെ ഉള്‍ ഗ്രാമങ്ങളില്‍ ഈ ആചാരം നടത്തുന്നുണ്ട്. ബി.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഇത്തരം കുടിലുകളില്‍ അകപ്പെട്ട് മൂന്ന് സ്ത്രീകളാണ് മരണപ്പെട്ടത്. ഇതില്‍ ഒരു സ്ത്രീയോടൊപ്പം തന്റെ രണ്ടു കുട്ടികളും മരണപ്പെട്ടിരുന്നു. നേപ്പാളിലെ ഒരു ഗ്രാമത്തില്‍ ഇത്തരം കുടിലുകളില്‍ താമസിക്കാന്‍ വിസമ്മതിക്കുന്ന സ്ത്രീകള്‍ക്ക് 5000 രൂപ സഹായ ധനമായി നല്‍കുന്നുണ്ട്.