| Friday, 17th July 2020, 8:21 pm

നേപ്പാളി പൗരനു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു; വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് നേപ്പാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ നേപ്പാളി പൗരന്റെ തലമൊട്ടയടിച്ച് ജയ് ശ്രീരാം എഴുതിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നേപ്പാള്‍ പ്രതിനിധി ഇന്ത്യന്‍ അധികാരികളോട് നേപ്പാളിന്റെ ശക്തമായ പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തി.

വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യയിലെ നേപ്പാള്‍ പ്രതിനിധി നിലമ്പര്‍ ആചാര്യ ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ചചെയ്തു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ച പ്രതിനിധിക്ക് സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആദിത്യനാഥ് ഉറപ്പ് നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നേപ്പാള്‍ പൗരന്മാര്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്താനും നേപ്പാള്‍ പ്രതിനിധി യു.പി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

സംഭവത്തില്‍ വിശ്വഹിന്ദുസേനയുടെ കണ്‍വീനര്‍ അരുണ്‍ പഥക്കിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാരണാസിയിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.

അതേസമയം, പ്രോട്ടോക്കോള്‍ അനുസരിച്ച് ന്യൂഡല്‍ഹിയിലെ നേപ്പാള്‍ എംബസിയും വിദേശകാര്യ മന്ത്രാലയവുമായി (എം.ഇ.എ) സംഭവം ഏറ്റെടുത്തിട്ടുണ്ട്.

യഥാര്‍ത്ഥ അയോധ്യ ഇന്ത്യയിലല്ല നേപ്പാളിലാണെന്നും രാമന്‍ നേപ്പാളിയാണെന്നുമുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ പ്രസ്താവയ്ക്ക് പിന്നാലെയാണ് യു.പിയില്‍ നേപ്പാള്‍ പൗരനെതിരെ ആക്രമണം നടന്നത്.

നേപ്പാളി യുവാവിനെ  അര്‍ധനഗ്‌നനാക്കുകയും ഒലിക്കും നേപ്പാളിനുമെതിരെ മുദ്രാവാക്യം വിളിക്കാനും നേപ്പാളികള്‍ക്ക് ഉപജീവന അവസരങ്ങള്‍ നല്‍കിയതിന് ഇന്ത്യയെ പ്രശംസിക്കാനും ആളുകള്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

നേപ്പാളി ഭാഷയില്‍ സംസാരിക്കുന്ന ഇയാളെ ‘ജയ് ശ്രീ റാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാനും ഹിന്ദുത്വ സംഘടനയിലെ അംഗങ്ങള്‍ ആക്രോശിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more