| Friday, 23rd August 2024, 4:12 pm

ടിക് ടോക്കിനെതിരായ വിലക്ക് നീക്കി നേപ്പാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി നേപ്പാള്‍. വിലക്ക് പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ചൈനയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനെതിരായ തീരുമാനത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ഖഡ്ഗ പ്രസാദ് ശര്‍മ ഒലി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് നടപടി.

വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് ആണ് തീരുമാനം അറിയിച്ചത്. സാമൂഹിക ഐക്യത്തിന് വെല്ലുവിളിയാകുമെന്ന ആശങ്ക ഉയര്‍ത്തിയാണ് മുന്‍ സഖ്യസര്‍ക്കാര്‍ നേപ്പാളില്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തിയത്.

രാജ്യത്ത് എല്ലാ സോഷ്യല്‍ മീഡിയ ഫ്ലാറ്റുഫോമുകള്‍ക്കും തുല്യ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് പൃഥ്വി സുബ്ബ ഗുരുങ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രസ്തുത തീരുമാനത്തിലെത്തുന്നത്. എന്നാല്‍ സാമൂഹിക സൗഹാര്‍ദം തകര്‍ക്കുകയും കുടുംബ ഘടനകളെയും സാമൂഹിക ബന്ധങ്ങളെയും തടസപ്പെടുത്തുകയും ചെയ്യുന്ന ഉള്ളടക്കത്തിന്റെ വ്യാപനവും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ സര്‍ക്കാര്‍ നവംബറില്‍ ടിക് ടോക് നിരോധിച്ചത്.

നിയമപരമായ ആവശ്യകതകള്‍ പാലിക്കും, ഡിജിറ്റല്‍ സുരക്ഷ ഉറപ്പുവരുത്തും, ഉള്ളടക്കങ്ങളുടെ നിയന്ത്രണത്തിനായി നിയുക്ത ചാനല്‍ രൂപികരിക്കും തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരുമായി ആപ്ലിക്കേഷന്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിലക്ക് നീക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഖഡ്ഗ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് ടിക് ടോക് രംഗത്തെത്തി. വിലക്ക് നീക്കിയതില്‍ സന്തോഷമുണ്ടെന്നാണ് ടിക് ടോക് പ്രതികരിച്ചത്. തങ്ങളുടെ പ്രവര്‍ത്തനം നേപ്പാളിലെ കുടുബങ്ങളില്‍ സന്തോഷം ഉണ്ടാക്കുകയും ഉള്ളടക്ക സ്രഷ്ട്ടാക്കള്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടന്ന് കമ്പനി പ്രതികരിച്ചു.

നേരത്തെ ഇന്ത്യയും അമേരിക്കയും പാക്കിസ്ഥാനും ടിക് ടോക്കിന്റെ പ്രവര്‍ത്തനം വിലക്കിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ പിന്നീട് വിലക്ക് നീക്കം ചെയ്യുകയുമുണ്ടായി. ഉള്ളടക്കത്തിന്റെ സ്വഭാവത്തെ മുന്‍നിര്‍ത്തി റഷ്യ ടിക് ടോക്കിനെതിരെ പിഴ ചുമത്തുകയും ചെയ്തിരുന്നു.

ടിക് ടോക്കിലൂടെയുള്ള ഉള്ളടക്കങ്ങളുടെ സ്വഭാവം ധാര്‍മികമല്ലെന്ന് ആരോപിച്ച് രണ്ട് തവണയാണ് പാകിസ്താന്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് വീഡിയോകളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന പ്രത്യേക നിര്‍ദേശം നല്‍കിയാണ് പാകിസ്താന്‍ നിരോധനം നീക്കിയത്.

സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്കിനെതിരെ അമേരിക്ക നടപടിയെടുത്തത്. മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് ലിമിറ്റഡ് ഉടമസ്ഥാവകാശം ഒഴിയണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. നിര്‍ദേശം അംഗീകരിക്കാത്ത പക്ഷം ആപ്പ് നിരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

2022ല്‍ എല്‍.ജി.ബി.ടി.ക്യു ഉള്ളടക്കമുള്ള വീഡിയോ പ്രസിദ്ധീകരിച്ചതിന് ടിക് ടോക്കിന് റഷ്യ 40.77 ലക്ഷം രൂപ പിഴ ചുമത്തുകയുണ്ടായി. എല്‍.ജി.ബി.ടി .ക്യു ഉള്ളടക്കമുള്ള വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തതിനെ തുടര്‍ന്ന് റഷ്യന്‍ കോടതിയാണ് പിഴ ചുമത്തിയത്.

ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.

Content Highlight: Nepal lifts ban on Tik Tok

We use cookies to give you the best possible experience. Learn more