കഠ്മണ്ഡു: നോട്ട് നിരോധനത്തെത്തുടര്‍ന്ന് അസാധുവായ 950 കോടി രൂപയുടെ നോട്ടുകള്‍ മാറ്റി നല്‍കണമെന്ന് നേപ്പാള്‍. ഇത് സംബന്ധിച്ച് ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി പറഞ്ഞു. ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യം ഉന്നയിക്കാനാണ് നീക്കം.
നേപ്പാളിലെ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള നിരോധിച്ച 950 കോടി രൂപയോളം വരുന്ന നോട്ടുകള്‍ എങ്ങനെ കൈമാറ്റം ചെയ്യണമെന്ന് ഇന്ത്യയും നേപ്പാളുമായി ഇതുവരെ ധാരണയായിട്ടില്ല.
“ഇന്ത്യയുടെ നോട്ട് അസാധുവാക്കല്‍ നേപ്പാളികളെയും ബുദ്ധിമുട്ടിലാക്കി. ഇത് ഞാന്‍ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഉന്നയിക്കും. ഈ പ്രശ്‌നം പരിഹരിച്ചു തരാനും ആവശ്യപ്പെടും.” – പ്രധാനമന്ത്രി ഒലി നേപ്പാള്‍ പാര്‍ലിമെന്റില്‍ പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് നേപ്പാള്‍. ഇന്ത്യന്‍ കറന്‍സി വ്യാപകമായി പ്രചാരത്തിലുണ്ട് നേപ്പാളില്‍.
4500 രൂപയുടെ നോട്ടുകള്‍ വരെ വ്യക്തികള്‍ക്ക് മറ്റി നല്‍കാമെന്ന് ആര്‍.ബി.ഐ തത്വത്തില്‍ അംഗീകരിച്ചിരുന്നുവെന്നാണ് സെന്‍ട്രല്‍ നേപ്പാള്‍ ബാങ്ക് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ തുടര്‍ന്ന് അറിയിപ്പൊന്നും ലഭ്യമാവാത്തതിനാല്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും അധികൃതര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ നേപ്പാള്‍ അടക്കമുള്ള വിദേശ രാജ്യങ്ങളിലുള്ള അസാധു നോട്ടുകള്‍ മാറ്റി നല്‍കാനാവില്ലെന്നാണ് ആര്‍.ബി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും ആര്‍.ബി.ഐ പറഞ്ഞു.
പിന്‍വലിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി ആഗസ്ത് 30ന് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍ബിഐ പ്രസ്താവിച്ചിരുന്നു. ഏതാണ്ട് 15.28 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളാണ് മടങ്ങിയെത്തിയത്. ആകെ 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള 500, 1000 നോട്ടുകളാണ് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തുമ്പോള്‍ പ്രചാരത്തിലുണ്ടായിരുന്നത്.