പ്രണയ ദിനം: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള റോസാപ്പൂ ഇറക്കുമതി വിലക്കി നേപ്പാള്‍
World News
പ്രണയ ദിനം: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള റോസാപ്പൂ ഇറക്കുമതി വിലക്കി നേപ്പാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2023, 11:08 pm

കാഠ്മണ്ഡു: പ്രണയ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് റോസാപ്പൂ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍. സസ്യരോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപ്പെട്ട് അതിര്‍ത്തി ഓഫീസുകള്‍ക്ക് റോസാപ്പൂക്കള്‍ക്ക് ഇറക്കുമതി പെര്‍മിറ്റ് നല്‍കരുതെന്ന് കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്മെന്റ് സെന്റര്‍ നിര്‍ദേശം നല്‍കി.

നേപ്പാള്‍, ഇന്ത്യ, ചൈന അതിര്‍ത്തികളിലെ 15 കസ്റ്റംസ് ഓഫീസുകളിലാണ് രേഖാമൂലമുള്ള നിര്‍ദേശം നല്‍കിയത്. മൈ റിപ്പബ്ലിക്ക പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സസ്യ രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് തല്‍ക്കാലം ഇറക്കുമതി നിര്‍ത്തിവെക്കുന്നതെന്ന് പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് കീടനാശിനി മാനേജ്‌മെന്റ് സെന്റര്‍ അറിയിച്ചു. ഫെബ്രുവരി 14ന് പ്രണയദിനത്തോട് അനുബന്ധിച്ച് റോസാപ്പൂ ഇറക്കൂമതിയില്‍ വര്‍ധനയുണ്ടാകുമെന്ന് കണക്ക് കൂട്ടലിലാണ് സര്‍ക്കാര്‍ തീരുമാനം.

‘റോസാപ്പൂക്കളിലും മറ്റ് ചെടികളിലും രോഗസാധ്യതയുണ്ടെന്ന് കാണുന്നു. ഇത്തരം രോഗങ്ങളെക്കുറിച്ച് ശരിയായ പഠനം നടക്കാത്തതിനാല്‍ ഇറക്കുമതി തല്‍ക്കാലം നിര്‍ത്തിവെക്കുന്നു,’ പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് കീടനാശിനി മാനേജ്‌മെന്റ് സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കിഴക്ക് കകദ്ഭിട്ടയില്‍ നിന്ന് പടിഞ്ഞാറ് ഗദ്ദ ചൗക്കിയിലേക്കും വടക്ക് കസ്റ്റംസ് പോയിന്റുകളിലേക്കും റോസാപ്പൂ ഇറക്കുമതി ചെയ്യാന്‍ കഴിയില്ലെന്ന് നിര്‍ദേശങ്ങള്‍ പറഞ്ഞു.