സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യമായി നേപ്പാള്‍
World News
സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യമായി നേപ്പാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th November 2023, 10:30 pm

കാഠ്മണ്ഡു: മാറ്റങ്ങള്‍ക്ക് വിധേയമായി സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യമായി നേപ്പാള്‍. നേപ്പാളില്‍ സ്വവര്‍ഗ വിവാഹം സുപ്രീം കോടതി നിയമ വിധേയമാക്കിയതിന് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് ആദ്യമായി ഒരു സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്. പടിഞ്ഞാറന്‍ നേപ്പാളിലെ ലാംജങ് ജില്ലയിലെ മായ ഗുരുംഗും സുരേന്ദ്ര പാണ്ഡെയുമാണ് നിയമപരമായി സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്ത ദമ്പതികള്‍.

ട്രാന്‍സ് വുമണായ ഗുരുംഗും സ്വവര്‍ഗാനുരാഗിയായ സുരേന്ദ്ര പാണ്ഡെയും നിയമപരമായി വിവാഹിതരായെന്ന് നേപ്പാളിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ബ്ലൂ ഡയമണ്ട് സൊസൈറ്റി പ്രസിഡന്റ് സഞ്ജിബ് ഗുരുങ് മാധ്യമങ്ങളോട് പറഞ്ഞു.

ഗുരുങ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ നേപ്പാളില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാന്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള ഇടക്കാല ഉത്തരവുണ്ടായിട്ടും മതിയായ നിയമങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി കാഠ്മണ്ഡു ജില്ലാ കോടതി സുരേന്ദ്ര പാണ്ഡെയുടെയും മായയുടെയും വിവാഹ അപേക്ഷ തള്ളിക്കളഞ്ഞിരുന്നു.

നിലവില്‍ ഇവരുടെ വിവാഹം താത്ക്കാലികമായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും മതിയായ നിയമങ്ങള്‍ രൂപീകരിച്ചതിന് ശേഷം വിവാഹ രജിസ്ട്രേഷന് സ്ഥിരമായ അംഗീകാരം ലഭിക്കുമെന്നും ഗുരുങ് വ്യക്തമാക്കി.

അതേസമയം 2007ല്‍ നേപ്പാള്‍ സുപ്രീം കോടതി സ്വവര്‍ഗ വിവാഹത്തിന് നിയമപരമായി അംഗീകാരം നല്‍കിയിരുന്നു. 2015ല്‍ അംഗീകരിക്കപ്പെട്ട നേപ്പാള്‍ ഭരണഘടന ലൈംഗികതയുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വിവേചനം പാടില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമായി നേപ്പാള്‍ ഇത്തരത്തിലുള്ള ഒരു തീരുമാനമെടുത്തതില്‍ സന്തോഷമുണ്ടെന്നും നടപടി സ്വാഗതാര്‍ഹമാണെന്നും സഞ്ജിബ് ഗുരുങ് പറഞ്ഞു. തങ്ങളുടെ സമൂഹം നേടിയെടുക്കുന്ന ഉന്നതമായ അവകാശമാണ് ഈ തീരുമാനമെന്നും ഗുരുങ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Nepal has become the first South Asian country to register same-sex marriage