| Saturday, 31st March 2018, 10:44 am

നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്കുള്ള മനുഷ്യക്കടത്ത് 500 ശതമാനം വര്‍ദ്ധിച്ചു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്കുള്ള മനുഷ്യക്കടത്ത് 2013ന് ശേഷം 500 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. നേപ്പാളിലെ ഗ്രാമങ്ങളില്‍ നിന്നും ടെറായ് മേഖലയില്‍ നിന്നും പെണ്‍കുട്ടികളെ ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്ക് വന്‍തോതില്‍ കടത്തുന്നതായി അതിര്‍ത്തി കാവല്‍ സേനയായ സശാസ്ത്ര സീമ ഭല്‍ (എസ്.എസ്.ബി) “ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ മനുഷ്യക്കടത്ത്” എന്ന തലക്കെട്ടില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

നേപ്പാളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ ആളുകളെ കടത്തുന്നതെന്നും ഇവരെ വേശ്യാവൃത്തി, വീട്ടുവേല, അപകടകരമായ തൊഴിലുകള്‍ എന്നിവക്കാണ് ഉപയോഗിക്കുന്നതെന്നും എസ്.എസ്.ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ക്ക് പരമാവധി 50,000 രൂപ എന്ന കണക്കിലാണ് വില്‍ക്കപ്പെടുന്നത്.


Also Read: ‘സിദ്ധരാമയ്യയുടെ സമയം അവസാനിച്ചു’: അമിത് ഷാ


ചില കേസുകളില്‍ ഇവരുടെ അവയവങ്ങള്‍ നിയമവിരുദ്ധമായി കടത്തുന്നുമുണ്ട്. പട്ടിക ജാതി വിഭാഗങ്ങളേയും സ്ത്രീകളേയും കുട്ടികളേയുമാണ് എറ്റവും അധികം കടത്തുന്നതെങ്കിലും “ഉയര്‍ന്ന ജാതി”ക്കാരും ചില കേസുകളില്‍ കടത്തപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ മനുഷ്യക്കടത്തു നടത്തുന്ന പുരുഷന്‍മാരെ “ദലാല്‍” എന്നും സ്ത്രീകളെ “ദീദീ” എന്നുമാണ് അഭിസംബോധന ചെയ്യുന്നത്. ഇവര്‍ 9 ഉം 16 ഉം പ്രായമുള്ള കുട്ടികളെ അതിര്‍ത്തിയിലെ ഏജന്റുമാര്‍ക്ക് വില്‍ക്കുന്നു. 6,000 രൂപ വരെയാണ് ഓരോ കുട്ടിക്കും ഏജന്റുമാര്‍ നേടുന്നത്.

പൊലീസിനോട് യഥാര്‍ത്ഥ പ്രായം മറച്ചുവെക്കാന്‍ ഈ പെണ്‍കുട്ടികള്‍ക്ക് ഇവര്‍ പരിശീലനവും നല്‍കുന്നു. ഏജന്റുമാരാണ് കുട്ടികളെ ബ്രോക്കര്‍മാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. ഇവര്‍ 50,000ത്തോളം രൂപക്ക് കുട്ടികളെ വേശ്യാലയങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു, എസ്.എസ്.ബി വിശദീകരിക്കുന്നു.


Also Read: സുഡാനി ഫ്രം നൈജീരിയ നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിവേചനം നേരിട്ടു: വെളിപ്പെടുത്തലുമായി സാമുവല്‍ റോബിന്‍സണ്‍


ഇത്തരത്തിലുള്ള ചില സംഘങ്ങള്‍ക്ക് രാഷ്ട്രീയക്കാരുമായി ബന്ധമുള്ളതിനാല്‍ ഇവര്‍ പിടിക്കപ്പെട്ടാല്‍ തന്നെ ശിക്ഷിക്കപ്പെടാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് ഏറ്റവും അധികം മനുഷ്യക്കടത്ത് നടക്കുന്നത്.


Watch DoolNews Video:

We use cookies to give you the best possible experience. Learn more