ന്യൂദല്‍ഹി: അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറിയും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ സീതാറാം യെച്ചൂരി ഇന്ത്യ-നേപ്പാള്‍ ബന്ധത്തെ ശക്തിപ്പെടുത്തിയ നേതാവെന്ന് നേപ്പാല്‍ മുന്‍ പ്രധാനമന്ത്രി ബാബുറാം ഭട്ടറായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ഒരു പാലം പോലെ നിലകൊണ്ട യെച്ചൂരിയുടെ വിയോഗം ഞെട്ടിച്ചെന്നും ബാബുറാം വെളിപ്പെടുത്തി.
ജെ.എന്‍.യുവില്‍ പഠിക്കുന്ന കാലത്ത് യെച്ചൂരിയുമായി തുടങ്ങിയ ബന്ധം പിന്നീടങ്ങോട്ടുള്ള എല്ലാ രാഷ്ട്രീയ പരിതസ്ഥിതിയിലും കാത്തുസൂക്ഷിച്ചിരുന്നു എന്ന് പറഞ്ഞ ബാബുറാം ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ രാഷ്ട്രീയ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ താത്പര്യം കാണിച്ച നേതാവാണ് യെച്ചൂരിയെന്നും ഓര്‍ത്തെടുത്തു.
‘അദ്ദേഹവുമായുള്ള ബന്ധം തുടങ്ങുന്നത് 1990കളിലാണ്. അന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന യെച്ചൂരി അയല്‍രാജ്യങ്ങളിലെ രാഷ്ട്രീയകാര്യങ്ങളില്‍ വളരേയധികം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആ പ്രത്യേകതയാണ് എന്നെ അദ്ദേഹവുമായി അടുപ്പിച്ചത്.
തൊണ്ണൂറുകളില്‍ നേപ്പാളിലെ ജനാധിപത്യപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച യെച്ചൂരി നേപ്പാളിന്റെ വിഷയങ്ങളില്‍ പോസിറ്റീവീയ തീരുമാനങ്ങള്‍ എടുക്കാന്‍ അന്നത്തെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ്ങിനുമേല്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
1996 ഫെബ്രുവരിയില്‍ നേപ്പാളിലുണ്ടായ ജനകീയയുദ്ധത്തെതുടര്‍ന്ന് ഞാന്‍ ഒളിവില്‍ പോയിരുന്നു, എന്നാല്‍ അന്നും ഞാന്‍ യെച്ചൂരിയുമായി ബന്ധം പുലര്‍ത്തിയിരുന്നു. യെച്ചൂരിയുടെ മുന്‍ഗാമിയും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ ഡി.പി ത്രിപാഠി നേപ്പാളിലെ ജനകീയ യുദ്ധത്തെ സപ്പോര്‍ട്ട് ചെയ്യാനായി ഐക്യദാര്‍ഢ്യഗ്രൂപ്പുകള്‍ രൂപികരിച്ചിരുന്നു.
അന്നത്തെ നേപ്പാള്‍ സര്‍ക്കാരുമായി അനുനയ കരാര്‍ ഉണ്ടാക്കാന്‍ ഈ ഗ്രൂപ്പുകള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യെച്ചൂരിയും ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നു. പീന്നീട് 2003ല്‍ നേപ്പാളില്‍ സമാധാനശ്രമങ്ങള്‍ പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ഞാന്‍ അദ്ദേഹത്തെ വീണ്ടും കാണുന്നത്. ആ സമയങ്ങളില്‍ സി.പി.ഐ.എമ്മിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ടും അദ്ദേഹത്തോടൊപ്പമുള്ള ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായിരുന്നു,’ബാബുറാം ഭട്ടറായി പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് 3.05നാണ് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറിയായിരുന്നു സീതാറാം യെച്ചൂരി അന്തരിച്ചത്. ആഗസ്ത് 19ന് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് 72ാം വയസ്സില്‍ മരണത്തിന് കീഴടങ്ങിയത്.
ഇന്നലെ (വെള്ളി) ജെ.എന്‍.യുവില്‍ യെച്ചൂരിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പിന്നാലെ വൈകീട്ട് അഞ്ചരയോടെ ജെ.എന്‍.യുവില്‍ നിന്ന് വസന്ത്കുഞ്ചിലുള്ള വീട്ടിലേക്ക് എത്തിച്ചു.
ഇന്ന് (ശനിയാഴ്ച) രാവിലെ 10 മണിയോടെ യെച്ചൂരി കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിച്ച ദല്‍ഹിയിലെ സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം എത്തിക്കും. ഇവിടുത്തെ പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം എയിംസിന് കൈമാറും.
Content Highlight: Nepal former PM Baburam Bhattarai remembers Sitaram Yechury