കാഠ്മണ്ഡു: കേന്ദ്രമന്ത്രി സഭ വിപുലീകരിച്ച് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹല്‍ പ്രചണ്ഡ. മൂന്ന് മാസത്തിനിടെ ഏഴാം തവണയാണ് പ്രചണ്ഡ ക്യാബിനറ്റ് വിപുലീകരിക്കുന്നത്. നേപ്പാളി കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ അഞ്ച് പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളാണ് പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
രണ്ട് ഉപ പ്രധാനമന്ത്രിമാരുള്‍പ്പെടെ പതിനാറ് അംഗങ്ങളാണ് ഇപ്പോള്‍ ക്യാബിനറ്റിലുള്ളത്. സി.പി.എന്‍-മാവോയിസ്റ്റില്‍ നിന്നുള്ള നാരായണ്‍ കാജി ശ്രേഷ്ഠ, നേപ്പാളി കോണ്‍ഗ്രസില്‍ നിന്നുള്ള പൂര്‍ണ ബഹാദൂര്‍ ഖട്ക എന്നിവരാണ് ഉപ പ്രധാനമന്ത്രിമാര്‍.
നേപ്പാളി കോണ്‍ഗ്രസില്‍ നിന്ന് നാലു പേരും സി.പി.എന്‍ യുണിഫൈഡ് സെന്ററില്‍ നിന്ന് രണ്ട് പേരുമാണ് ക്യാബിനറ്റിലേക്ക് എത്തിയിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് പാര്‍ലമെന്റില്‍ വിശാസവോട്ടില്‍ വിജയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ക്യാബിനറ്റ് വിപുലീകരണം നടത്തിയിരിക്കുന്നത്.
ഏഴ് തവണ വിപുലീകരണം നടന്നെങ്കിലും മന്ത്രിസഭ ഇപ്പോഴും അതിന്റെ പൂര്‍ണരൂപത്തില്‍ എത്തിയിട്ടില്ല. വിദേശം, നിയമം, പാര്‍ലമെന്ററി കാര്യം, വനം-പരിസ്ഥിതി, ആരോഗ്യം, യുവജനകാര്യ-കായിക വകുപ്പുകള്‍ ഇപ്പോഴും പ്രചണ്ഡ തന്നെ കൈകാര്യം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പത്ത് പാര്‍ട്ടികളടങ്ങുന്ന ഭരണ സഖ്യത്തില്‍ അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച് ഇതുവരെയും സമവായത്തിലേക്കെത്താനായിട്ടില്ല. വകുപ്പുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേര്‍ മന്ത്രി പദവി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ്, മന്ത്രിസഭാ വിപുലീകരണം പ്രചണ്ഡക്ക് മുന്നില്‍ കീറാമുട്ടിയായിരിക്കുന്നത്.
നിലവിലെ വിപുലീകരണത്തിന് മുമ്പ്, ആഭ്യന്തരം, ധനകാര്യം, വ്യവസായം, കൃഷി, ശാസ്ത്ര സാങ്കേതികം എന്നിവയുള്‍പ്പെടെ 16 വകുപ്പുകളുടെ അധിക ചുമതല വഹിച്ചു കൊണ്ടിരുന്നത് പ്രധാനമന്ത്രി തന്നെയായിരുന്നു.
സി.പി.എന്‍-യു.എം.എല്‍, രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി എന്നിവയില്‍ നിന്നുള്ള മന്ത്രിമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് പ്രചണ്ഡയുള്‍പ്പെടെ ഏഴംഗങ്ങളായി മന്ത്രിസഭ ചുരുങ്ങിയിരുന്നു.
പ്രധാനമന്ത്രിയുള്‍പ്പെടെ 25 മന്ത്രിമാര്‍ മാത്രമേ ക്യാബിനറ്റില്‍ ഉണ്ടാകാവൂ എന്നാണ് നേപ്പാള്‍ ഭരണഘടന വ്യക്തമാക്കുന്നത്. സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താനായി പ്രധാനമന്ത്രിമാര്‍ ജംബോ ക്യാബിനറ്റുകള്‍ക്ക് രൂപം നല്‍കുന്ന പ്രവണത രൂക്ഷമായതിനെ തുടര്‍ന്നാണ് ക്യാബിനറ്റ് അംഗങ്ങളുടെ എണ്ണം നിജപ്പെടുത്തിക്കൊണ്ടുള്ള വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. 2022 ഡിസംബര്‍ 26നാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്.