| Tuesday, 20th June 2023, 8:44 pm

കേവലം പത്ത് ടീമില്‍ ഒതുങ്ങുന്നില്ല, ക്രിക്കറ്റ് തന്റെ ഭൂപടം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു; ഇന്ത്യക്കും പാകിസ്ഥാനും നെഞ്ചിടിപ്പിക്കാന്‍ പോന്നവന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി നേപ്പാള്‍. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെ പരാജയപ്പെടുത്തിയാണ് നേപ്പാള്‍ ക്വാളിഫയര്‍ റൗണ്ടിലെ ആദ്യ വിജയം നേടിയത്.

തകാഷിങ്ക ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 42 പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കവെയാണ് നേപ്പാള്‍ വിജയം പിടിച്ചടക്കിയത്. അമേരിക്ക ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം മറികടന്നാണ് നേപ്പാള്‍ വിജയം കുറിച്ചത്.

ആദ്യ മത്സരത്തില്‍ സിംബാബ്‌വേയോട് പരാജയപ്പെട്ടതിന് ശേഷമാണ് നേപ്പാള്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അമേരിക്ക ഷയാന്‍ ജഹാംഗീറിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് റണ്‍സ് ഉയര്‍ത്തിയത്. 79 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജഹാംഗീര്‍ പുറത്താകാതെ 100 റണ്‍സ് നേടിയത്.

ജഹാംഗീറിന് പുറമെ ഓപ്പണര്‍ സുശാന്ത് മോദാനിയാണ് ചെറുത്ത് നിന്നത്. 71 പന്തില്‍ നിന്നും 42 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ 49 ഓവറില്‍ 207 റണ്‍സിന് യു.എസ്.എ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

നേപ്പാളിനായി കരണ്‍ കെ.സി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗുല്‍സന്‍ ഝാ മൂന്ന് വിക്കറ്റും ദീപേന്ദ്ര സിങ് ഐറി രണ്ട് വിക്കറ്റും വീഴ്ത്തി. ലളിത് രാജ്ബംശിയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ച ഭീം ഷാര്‍കിയുടെയും ഓപ്പണര്‍ കുശാള്‍ ഭര്‍ടലിന്റെയും ദിപേന്ദ്ര സിങ് ഐറിയുടെയും ഇന്നിങ്‌സാണ് നേപ്പാളിന് വിജയം സമ്മാനിച്ചത്.

114 പന്തില്‍ നിന്നും 77 റണ്‍സുമായി ഭര്‍ടലും 32 പന്തില്‍ നിന്നും 39 റണ്‍സുമായി ഐറിയും പുറത്താകാതെ നിന്നപ്പോള്‍, 54 പന്തില്‍ നിന്നും 39 റണ്‍സാണ് ഭര്‍ടല്‍ സ്വന്തമാക്കിയത്.

നിലവില്‍ ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരാണ് നേപ്പാള്‍. ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവര്‍ക്കാണ് ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കുക.

മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും ആഫ്രിക്കന്‍ കരുത്തരായ സിംബാബ് വേയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്നും വിജയിച്ച് ലോകകപ്പിനെത്തുക ശ്രമകരമാണെങ്കിലും തങ്ങളുടെ ആരാധകര്‍ക്കായി സര്‍വശക്തിയുമെടുത്ത് പോരാടാന്‍ തന്നെയാണ് നേപ്പാള്‍ ഒരുങ്ങുന്നത്.

അതേസമയം, ഈവര്‍ഷം ആഗസ്റ്റ് 31ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിന് നേപ്പാള്‍ യോഗ്യത നേടിയിട്ടുണ്ട്. 2023 എ.സി.സി മെന്‍സ് പ്രീമിയര്‍ കപ്പ് വിജയിച്ചാണ് നേപ്പാള്‍ ഏഷ്യാ കപ്പിനുള്ള യോഗ്യത തെളിയിച്ചത്.

ഏഷ്യാ കപ്പില്‍ ഇന്ത്യക്കും പാകിസ്ഥാനും ഗ്രൂപ്പ് എയിലാണ് നേപ്പാള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കൂട്ടത്തിലെ കുഞ്ഞന്‍മാരാണെങ്കിലും നേപ്പാളിനെ ഒരിക്കലും വിലകുറച്ച് കാണാന്‍ സാധിക്കില്ല എന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും ഒന്നടങ്കം പറയുന്നത്.

ഐ.സി.സി ഏകദിന ലോകകപ്പ് ക്വാളിഫയറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് നേപ്പാളിന്റെ അടുത്ത മത്സരം. ജൂണ്‍ 22ന് നടക്കുന്ന മത്സരത്തിന് ഹരാരെയാണ് വേദിയാകുന്നത്.

Content highlight: Nepal defeats USA in ICC 2023 World Cup Qualifiers

We use cookies to give you the best possible experience. Learn more