Sports News
ടി-20യില്‍ 314 റണ്‍സ് 😲; യുവരാജ് വീണു, ഒമ്പത് പന്തില്‍ 50 🔥; അന്താരാഷ്ട്ര റെക്കോഡുകള്‍ ഇനി ഈ കുഞ്ഞന്‍മാര്‍ക്ക്
അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോഡുകള്‍ തകര്‍ത്ത് നേപ്പാള്‍. ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരായ മത്സരത്തിലാണ് റണ്ണടിച്ചുകൂട്ടി നേപ്പാള്‍ ചരിത്രം സൃഷ്ടിച്ചത്.
അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും വലിയ ടോട്ടല്‍, ടി.20യില്‍ 300 റണ്‍സ് നേടുന്ന ആദ്യ ടീം, ഏറ്റവും വേഗതയേറിയ സെഞ്ച്വറി, ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി തുടങ്ങി നിരവധി റെക്കോഡുകളാണ് നേപ്പാള്‍ സ്വന്തമാക്കിയത്.
ZJUT സ്റ്റേഡിയത്തില്‍ ടോസ് നേടിയ മംഗോളിയ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ അതൊരു ഹിമാലയന്‍ അബദ്ധമാകുമെന്ന് മംഗോളിയന്‍ നായകന്‍ എര്‍ദനെബുല്‍ഗന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.
നേപ്പാളിനായി കളത്തിലിറങ്ങിയ കുശാല്‍ ഭര്‍ട്ടല്‍ 19 റണ്‍സിനും വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖ് 16 റണ്‍സിനും മടങ്ങിയപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ കാര്യമായി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ മൂന്നാം നമ്പറില്‍ കുശാല്‍ മല്ലയെത്തിയതോടെ കളി മാറി.
ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിച്ച മല്ല സിക്‌സറുകളുടെ പെരുമഴയാണ് തീര്‍ത്തത്. അതിവേഗം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ മല്ല നേരിട്ട 34ാം പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോഡും മല്ല ഇതോടെ തന്റെ പേരിലാക്കിയത്.
12 സിക്‌സറും എട്ട് ബൗണ്ടറിയും അടക്കം 50 പന്തില്‍ നിന്നും 137 റണ്‍സാണ് താരം നേടിയത്. 274.00 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
നാലാമനായി കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ രോഹിത് പൗഡലും മോശമാക്കിയില്ല. ആറ് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 27 പന്തില്‍ നിന്നും 61 റണ്‍സടിച്ചാണ് പൗഡല്‍ തരംഗമായത്. 19ാം ഓവറിലെ ആദ്യ പന്തില്‍ മുന്‍ഗന്‍ അല്‍താന്‍കുയാഗിന്റെ പന്തില്‍ ഒട്‌കോണ്‍ബായറിന് ക്യാച്ച് നല്‍കി പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 259ലെത്തിയിരുന്നു.
അഞ്ചാം നമ്പരിലെത്തിയ ദീപേന്ദ്ര കുമാര്‍ ഐറിയാണ് ക്രിക്കറ്റ് ലോകത്തെ വീണ്ടും ഞെട്ടിച്ചത്. ഒന്നിന് പിറകെ ഒന്നായി സിക്‌സര്‍ പറത്തിയ ഐറി ഒമ്പത് പന്തില്‍ 50 തികച്ചിരുന്നു. പത്ത് പന്തില്‍ നിന്നും എട്ട് സിക്‌സറിന്റെ അകമ്പടിയോടെ പുറത്താകാതെ 52 റണ്‍സാണ് താരം നേടിയത്. 520 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറിയടെ റെക്കോഡും ഐറിയെ തേടിയെത്തി. ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്ങിന്റെ റെക്കോഡ് തകര്‍ത്താണ് ഐറി പുതിയ റെക്കോഡ് സ്വന്തമാക്കിയത്. 2007 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ 50 നേടിയതായിരുന്നു ഇതിന് മുമ്പുള്ള റെക്കോഡ്.
ഐറിയുടെയും മല്ലയുടെയും പൗഡലിന്റെയും വെടിക്കെട്ടിന് പിന്നാലെ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് നേപ്പാള്‍ സ്വന്തമാക്കിയത്.
120 പന്തില്‍ 315 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ മംഗോളിയ 13.1 ഓവറില്‍ 41 റണ്‍സിന് ഓള്‍ ഔട്ടായി. മംഗോളിയന്‍ നിരയില്‍ ഒരാളൊഴികെ എല്ലാവരും ഒറ്റയക്കത്തിനാണ് പുറത്തായത്. ഇതോടെ 273 റണ്‍സിന്റെ വിജയമാണ് നേപ്പാള്‍ സ്വന്തമാക്കിയത്.
നേപ്പാളിനായി കരണ്‍ കെ.സി, അബിനാഷ് ബോഹറ, സന്ദീപ് ലാമിഷാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കുശാല്‍ ഭര്‍ട്ടല്‍, ദീപേന്ദ്ര സിങ് ഐറി, സോംപല്‍ കാമി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഒക്ടോബര്‍ ന്നിനാണ് നേപ്പാളിന്റെ അടുത്ത മത്സരം. മാല്‍ദീവ്‌സാണ് എതിരാളികള്‍.
Content highlight: Nepal defeated Magnolia in Asian Games