| Monday, 18th April 2022, 8:12 am

ശ്രീലങ്കക്ക് പിന്നാലെ നേപ്പാളും? ഇന്ധനക്ഷാമം കാരണം രാജ്യത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഠ്മണ്ഡു: ശ്രീലങ്കക്ക് പിന്നാലെ നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

ഇന്ധനക്ഷാമവും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുത്തനെ കൂടിയതും കാരണം നേപ്പാള്‍ സര്‍ക്കാര്‍ രാജ്യത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിക്കുന്നത് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ മാസത്തില്‍ പൊതുമേഖലയിലെ ഓഫീസുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിക്കാനാണ് നീക്കം.

ഇന്ധനത്തിന്റെ ഉപയോഗം കുറക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. നേപ്പാള്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നേപ്പാള്‍ ഓയില്‍ കോര്‍പറേഷന്റെയും നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നീക്കം നടത്തുന്നതെന്ന് കാബിനറ്റ് വൃത്തങ്ങള്‍ പ്രതികരിച്ചു.

വിദേശനാണ്യത്തിന്റെ കടുത്ത ക്ഷാമവും രാജ്യം നേരിടുന്നുണ്ട്. ഇത് കാരണം ശ്രീലങ്കയുടെ വഴിയെ ആണ് ഇപ്പോള്‍ നേപ്പാളും നീങ്ങുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

കൊവിഡ് കാലത്ത് രാജ്യത്തെ ടൂറിസം മേഖല വലിയ രീതിയില്‍ പ്രതിസന്ധി നേരിട്ടതാണ് വിദേശ കറന്‍സിയില്‍ ക്ഷാമമുണ്ടാകാന്‍ കാരണമായത്.

വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, പുറം രാജ്യങ്ങളിലുള്ള നേപ്പാള്‍ പൗരന്മാരോട് ബാങ്കുകളില്‍ ഡോളര്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനും നിക്ഷേപങ്ങള്‍ നടത്താനും സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയും കഴിഞ്ഞ കുറച്ച് മാസങ്ങളായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ധനക്ഷാമത്തിന് പുറമെ ഭക്ഷ്യ വിലവര്‍ധനയും വിദേശകറന്‍സി ശേഖരം കുത്തനെ ഇടിഞ്ഞതും വലിയരീതിയില്‍ വിലക്കയറ്റത്തിന് കാരണമായി.

ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം കാരണം രാജ്യത്തെ മന്ത്രിസഭ രാജി വെക്കുകയും ചെയ്തിരുന്നു.

Content Highlight: Nepal considering two-day government holiday to curtail fuel consumption

Latest Stories

We use cookies to give you the best possible experience. Learn more