| Friday, 9th February 2018, 8:04 pm

നേപ്പാളില്‍ വീണ്ടും കാറ്റ് ഇടത്തേയ്ക്ക്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ഇടത് മുന്നണി

നയീമ രഹ്ന

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റിന്റെ അപ്പര്‍ ഹൗസ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റവുമായി ഇടതുമുന്നണി. 56 സീറ്റുകളില്‍ നാല്‍പതിലും വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി വന്‍ മുന്നേറ്റമാണ് സി.പി.എന്‍-യു.എം.എല്ലിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സഖ്യം നേടിയത്. നേരത്തേ 275 മെമ്പര്‍മാരുള്ള ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഇടത് മുന്നണിക്കായിരുന്നു ഭൂരിപക്ഷം.

മാസങ്ങള്‍ക്കു മുമ്പ് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെയാണ് ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. മുന്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി നേതൃത്വം നല്‍കുന്ന സി.പി.എന്‍-യു.എം.എല്‍ 27 സീറ്റുകള്‍ നേടിയപ്പോള്‍ മുന്‍ പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹല്‍ പ്രണ്ഡ നേതൃത്വം നല്‍കുന്ന സി.പി.എന്‍-മാവോയിസ്റ്റ് സെന്റര്‍ പതിമൂന്ന് സീറ്റുകള്‍ നേടി.

അതേസമയം നിലവില്‍ ഭരണ നേതൃത്വത്തിലുള്ള നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി 12 സീറ്റുകളിലേക്ക് ചുരുങ്ങുകയുണ്ടായി. ഫൈഡല്‍ സോഷ്യലിസ്റ്റ് ഫോറം നേപ്പാളും രാഷ്ട്രീയ ജനതാ പാര്‍ട്ടിയും രണ്ട് സീറ്റുകള്‍ വീതം നേടി.

ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരത്തിലെത്തുമെന്നാണ് സൂചന. കെ.പി ശര്‍മ ഓലിയെ പ്രധാനമന്ത്രിയാക്കാന്‍ സി.പി.എന്‍ യു.എല്ലും സി.പി.എന്‍ മാവോയിസ്റ്റ് സെന്ററും തമ്മില്‍ ധാരണയായതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നയീമ രഹ്ന

We use cookies to give you the best possible experience. Learn more