കാന്‍സറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിരിക്കുന്നുവെന്ന്; ഇന്ത്യന്‍ കറി മസാലകള്‍ നിരോധിച്ച് നേപ്പാൾ
World News
കാന്‍സറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിരിക്കുന്നുവെന്ന്; ഇന്ത്യന്‍ കറി മസാലകള്‍ നിരോധിച്ച് നേപ്പാൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th May 2024, 6:44 pm

കാഠ്മണ്ഡു: ബ്രിട്ടന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള കറി മസാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാളും. കാന്‍സറിന് കാരണമാകുന്ന രാസവസ്തുവായ എഥിലീന്‍ ഓക്‌സൈഡ് അടങ്ങിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

ഇന്ത്യന്‍ കമ്പനികളായ എവറസ്റ്റ്, എം.ഡി.എച്ച് എന്നിവയുടെ കറി മസാലകളുടെ ഇറക്കുമതിയും, ഉപയോഗവും, വില്‍പ്പനയും നിരോധിച്ചതായി നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. നേപ്പാളിലെ ഭക്ഷ്യ സാങ്കേതിക വിദ്യാ ഗുണനിലവാര നിയന്ത്രണ വകുപ്പ് മസാലകളില്‍ എഥിലീന്‍ ഓക്‌സൈഡ് ഉണ്ടോയെന്ന് പരിശോധന നടത്താനിരിക്കെയാണ് തീരുമാനം.

കറി മസാലകളില്‍ ആരോഗ്യത്തിന് ഹാനികരമായ അളവില്‍ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച തന്നെ രാജ്യത്ത് ഈ പ്രൊഡക്ടുള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി നേപ്പാള്‍ മന്ത്രി കൃഷ്ണ മഹര്‍ജന്‍ പറഞ്ഞു. ഇത് വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശോധന ഫലം ലഭിക്കുന്നത് വരെ മസാലകളുടെ നിരോധനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സമാന കാരണത്താല്‍ നേരത്തെ ഹോങ്കോങ്ങും സിംഗപ്പൂരും എവറസ്റ്റ്, എം.ഡി.എച്ച് മസാലകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

കീടനാശിനി അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനും ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ബ്രിട്ടന്‍ ബുധനാഴ്ചയാണ് അറിയിച്ചത്.

കറിമസാലകള്‍ക്ക് സിംഗപ്പൂര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബ്രിട്ടനും ശക്തമായ നടപടിയിലേക്ക് കടന്നത്. ചില ബ്രാന്‍ഡുകളിലെ രാസവസ്തുക്കളുടെ അളവിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയെ അറിയിച്ചിരുന്നുവെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങളോ ചേരുവകളോ വിപണിയില്‍ കണ്ടെത്തിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും ബ്രിട്ടന്‍ അറിയിച്ചു. അതിനിടെ, ന്യൂസിലാന്‍ഡും ഈ മസാലകള്‍ പരിശോധിച്ച് വരികയാണെന്ന് അറിയിച്ചിട്ടുണ്ട്.

Content Highlight: Nepal bans import, consumption and sale of MDH, Everest spice products