| Tuesday, 14th June 2022, 10:33 pm

സ്ത്രീവിരുദ്ധത ന്യായീകരിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ വീണ്ടും അധിക്ഷേപിച്ചും നെന്മാറ എം.എല്‍.എ; വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് മുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സത്രീവിരുദ്ധ പരാമര്‍ശത്തെ ന്യായീകരിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ വീണ്ടും അധിക്ഷേപിച്ചും നെന്മാറ എം.എല്‍.എ കെ. ബാബു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ന്യായീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ബാരിക്കേഡിന് മുകളില്‍ നില്‍ക്കുന്ന ചിത്രം സഹിതം പങ്കുവെച്ചായിരുന്നു എം.എല്‍.എയുടെ പോസ്റ്റ്.

പ്രസംഗത്തില്‍ താന്‍ നാട്ടുഭാഷയാണ് ഉപയോഗിച്ചതെന്നും ജനപങ്കാളിത്തമില്ലാത്ത അക്രമ സമരങ്ങള്‍ കണ്ടപ്പോഴുള്ള പ്രതികരണമായിരുന്നു അതെന്നുമാണ് വിശദീകരണം. ഏതെങ്കിലും സഹോദരിമാരെയോ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെയോ അധിക്ഷേപിച്ചിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു.

പ്രസംഗത്തില്‍ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ വീണ്ടും എടുത്തുപറഞ്ഞാണ് ന്യായീകരണം. പോസ്റ്റ് വീണ്ടും വിമര്‍ശനങ്ങള്‍ക്ക് വിധേയമായതോടെ അദ്ദേഹം അത് ഡിലീറ്റാക്കിയ നിലയിലാണ്. ഫേസ്ബുക്ക് പേജിലെ മറ്റ് പോസ്റ്റുകളുടെ കമന്റ് ബോക്‌സും ഓഫാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വനിതാ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നേരത്തെ എം.എല്‍.എ അധിക്ഷേപം നടത്തിയത്.

നെന്മാറ മണ്ഡലത്തിലെ പല്ലശ്ശേനിയില്‍ തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധയോഗത്തിലാണ് കെ. ബാബുവിന്റെ വിവാദ പരാമര്‍ശമുണ്ടായത്. മുന്‍ ഏരിയ സെക്രട്ടറി കെ. രമാധരനടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.

‘സ്ത്രീകള്‍ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പില്‍ നില്‍ക്കും. അങ്ങനെ നിന്നാല്‍ തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കില്‍…എത്ര നാണംകെട്ട സമരങ്ങളാണിവിടെ. ആള്‍ വേണ്ടേ, ആളെ കൂട്ടണ്ടേ അവര്‍. നിങ്ങള്‍ കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും.നാലും മൂന്നും ഏഴാള് കേറും. അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങള്‍ കേറും,’ എന്നായിരുന്നു എം.എല്‍.എയുടെ പ്രസംഗം.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടയില്‍ വനിതാ പ്രവര്‍ത്തകയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാരിക്കേഡിന് മുകളില്‍ കയറുവാന്‍ സഹായിച്ചതിന്റെ ചിത്രം വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ അശ്ലീല രീതിയില്‍ പ്രചരിപ്പിച്ചിരുന്നു.

Content Highlights:  Nemmara MLA justifies anti-feminism and insults Youth Congress activist again

We use cookies to give you the best possible experience. Learn more