കോഴിക്കോട്: സത്രീവിരുദ്ധ പരാമര്‍ശത്തെ ന്യായീകരിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ വീണ്ടും അധിക്ഷേപിച്ചും നെന്മാറ എം.എല്‍.എ കെ. ബാബു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ന്യായീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ബാരിക്കേഡിന് മുകളില്‍ നില്‍ക്കുന്ന ചിത്രം സഹിതം പങ്കുവെച്ചായിരുന്നു എം.എല്‍.എയുടെ പോസ്റ്റ്.
പ്രസംഗത്തില്‍ താന്‍ നാട്ടുഭാഷയാണ് ഉപയോഗിച്ചതെന്നും ജനപങ്കാളിത്തമില്ലാത്ത അക്രമ സമരങ്ങള്‍ കണ്ടപ്പോഴുള്ള പ്രതികരണമായിരുന്നു അതെന്നുമാണ് വിശദീകരണം. ഏതെങ്കിലും സഹോദരിമാരെയോ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെയോ അധിക്ഷേപിച്ചിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു.
പ്രസംഗത്തില്‍ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ വീണ്ടും എടുത്തുപറഞ്ഞാണ് ന്യായീകരണം. പോസ്റ്റ് വീണ്ടും വിമര്‍ശനങ്ങള്‍ക്ക് വിധേയമായതോടെ അദ്ദേഹം അത് ഡിലീറ്റാക്കിയ നിലയിലാണ്. ഫേസ്ബുക്ക് പേജിലെ മറ്റ് പോസ്റ്റുകളുടെ കമന്റ് ബോക്‌സും ഓഫാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വനിതാ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നേരത്തെ എം.എല്‍.എ അധിക്ഷേപം നടത്തിയത്.
നെന്മാറ മണ്ഡലത്തിലെ പല്ലശ്ശേനിയില്‍ തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധയോഗത്തിലാണ് കെ. ബാബുവിന്റെ വിവാദ പരാമര്‍ശമുണ്ടായത്. മുന്‍ ഏരിയ സെക്രട്ടറി കെ. രമാധരനടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.