ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ സൗദി പ്രോ ലീഗില്‍ കളിക്കുന്ന താരം മിന്നും പ്രകടനം കാഴ്ചവെച്ച് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ ഇതുവരെ 907 ഗോളുകള്‍ സ്വന്തമാക്കി ചരിത്രം സൃഷ്ടിക്കാനും താരത്തിന് സാധിച്ചിരുന്നു.
ഇപ്പോള്‍ റൊണാള്‍ഡോയെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ബാക്ക് നെമാഞ്ച വിഡിച്ച്. 2006നും 2009നും ഇടയില്‍ ഇരുവരും യുണൈറ്റഡില്‍ ഒരുമിച്ച് കളിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു താരം.
‘നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ വന്നപ്പോള്‍, അവന്‍ ബെര്‍ബറ്റോവിനെപ്പോലെയായിരുന്നു. നല്ല ഫുട്‌ബോള്‍ കളിക്കാനും തന്ത്രങ്ങള്‍ കാണിക്കാനും കളിക്കാരെ ഡ്രിബിള്‍ ചെയ്യാനും അവന്‍ ഇഷ്ടപ്പെടുന്നു.
ഗോള്‍ നേടുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ മുന്‍ഗണന. എന്നാല്‍ യുണൈറ്റഡിലെ തന്റെ കരിയറിന്റെ അവസാന രണ്ട് വര്‍ഷങ്ങളില്‍ അദ്ദേഹം ആകെ മാറി. അവന്‍ തുടര്‍ന്നും നന്നായി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ, ഇത്രയും വര്‍ഷം അദ്ദേഹം അത് നന്നായി ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല,’ വിഡിച്ച് പറഞ്ഞു.
റൊണ്‍ള്‍ഡോയും വിഡിച്ചും ചേര്‍ന്ന് മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ തുടര്‍ച്ചയായി നേടിയിരുന്നു. മാത്രമല്ല രണ്ട് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലും എത്താന്‍ സാധിച്ചിരുന്നു. 2008ല്‍ ചെല്‍സിയെ പെനാല്‍റ്റിയില്‍ പരാജയെപ്പെടുത്തിയപ്പോള്‍ നിര്‍ണായക പങ്കാണ് റോണോ വഹിച്ചത്.
Content Highlight: Nemanja Vidić Talking About Cristiano Ronaldo