| Saturday, 12th August 2023, 3:29 pm

ബീസ്റ്റിന് ശേഷം ദേഷ്യമുണ്ടോയെന്ന് വിജയ് സാറിനോട് ചോദിച്ചിരുന്നു, മറുപടി ഇതായിരുന്നു: നെല്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്‌യുമായുള്ള ബന്ധത്തെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ നെല്‍സണ്‍. ബീസ്റ്റിന് സമ്മിശ്ര പ്രതികരണം വന്നതിന് ശേഷം തന്നോട് ദേഷ്യമുണ്ടോ എന്ന് വിജയ്‌യോട് ചോദിച്ചെന്നും ഒരു സിനിമയുടെ പുറത്ത് മാത്രമാണോ നമ്മുടെ ബന്ധം നിലനില്‍ക്കുന്നത് എന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും നെല്‍സണ്‍ പറഞ്ഞു. ജയിലറിന് പോസിറ്റീവ് റിവ്യുകള്‍ കണ്ടതിന് ശേഷം വിജയ് തനിക്ക് മെസേജ് അയച്ചുനെന്നും ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ നെല്‍സണ്‍ പറഞ്ഞു.

‘ബീസ്റ്റിന് ശേഷവും ഞാന്‍ വിജയ് സാറിനോട് സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ഒരു പടം എടുത്തു. ചിലര്‍ക്ക് അത് ഇഷ്ടപ്പെട്ടു. ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ജെനുവിനായി പരിശ്രമിക്കണം. എന്റെ ജോലി ഞാന്‍ ചെയ്തു. അത് കഴിഞ്ഞു, അത്രേയുള്ളൂ. അടുത്ത പ്രാവശ്യം ചെയ്യുമ്പോള്‍ വ്യത്യസ്തമായി ചെയ്യാം. അത് ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നത് പോലെ ചെയ്യാം.

ഒരു തവണ എന്നോട് ദേഷ്യമാണോ എന്ന് സാറിനോട് ചോദിച്ചിരുന്നു. എനിക്കെന്തിനാണ് ദേഷ്യം എന്ന് സാര്‍ ചോദിച്ചു. പടത്തിന് മിക്‌സഡ് റിവ്യൂസ് ആണല്ലോ എന്ന് ഞാന്‍ പറഞ്ഞു. ഞാനും നീയും തമ്മിലുള്ള ബന്ധം ഒരു സിനിമ മാത്രമാണോ എന്നാണ് സാര്‍ പറഞ്ഞത്, നീ ഇങ്ങനെ ചോദിക്കുന്നത് വളരെ സങ്കരകരമാണെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ ഓരോന്ന് പറയുന്നു, അതുകൊണ്ട് ചോദിച്ചതാണെന്ന് പറഞ്ഞു. അത് വേറെ, ഇത് വേറെ, ഇത് ശരിയായില്ലെങ്കില്‍ വേറെ പടം ചെയ്യാമെന്ന് സാര്‍ പറഞ്ഞു.

ജയിലറിന്റെ തുടക്കം മുതല്‍ ഇന്നലെ വരെ അദ്ദേഹം മെസേജ് ചെയ്തിട്ടുണ്ട്. പോസിറ്റീവ് റിവ്യു വരാന്‍ തുടങ്ങിയപ്പോള്‍ തന്നെ കണ്‍ഗ്രാജുലേഷന്‍സ്, സൂപ്പര്‍ ഹാപ്പി ഫോര്‍ യു എന്നാണ് അദ്ദേഹം മെസേജ് അയച്ചത്. പക്ഷേ പുറത്തുള്ളവര്‍ക്ക് ഇതൊന്നും അറിയില്ല. അവര്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും,’ നെല്‍സണ്‍ പറഞ്ഞു.

അതേസമയം തിയേറ്ററുകളില്‍ ജയിലറിന്റെ കുതിപ്പ് തുടരുകയാണ്. രജിനികാന്ത് നായകനായ ചിത്രത്തില്‍ വിനായകന്‍, രമ്യകൃഷ്ണന്‍, മിര്‍ണ മേനോന്‍, തമന്ന, യോഗിബാബു എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്റോഫ് എന്നിവര്‍ അതിഥി വേഷങ്ങളും ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്.

റിലീസ് ചെയ്ത ആദ്യദിനത്തില്‍ തന്നെ 52 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. പല തിയേറ്ററുകളിലും ടിക്കറ്റ് ലഭിക്കാനില്ല. ആദ്യ ദിവസങ്ങളിലെ ഷോകള്‍ ഒട്ടുമിക്കതും ഹൗസ് ഫുള്ളായി. രണ്ടാമത്തെ ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ഏകദേശം 100 കോടിയോളമാണ് തിയേറ്ററുകളില്‍ നിന്ന് നേടിയത്. 200 കോടി മുതല്‍മുടക്കില്‍ സണ്‍പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധിമാരനാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Nelson talks about Vijay’s response after the failure of beast

We use cookies to give you the best possible experience. Learn more