രജിനി-വിജയ് കോമ്പിനേഷന്‍ സ്‌ക്രീനില്‍ വന്നാല്‍ മാരകമാവും; സ്വപ്‌ന പദ്ധതിയെ പറ്റി നെല്‍സണ്‍
സംവിധാനം ചെയ്യാന്‍ ആഗ്രഹമുള്ള സിനിമയെ പറ്റി തുറന്നുപറഞ്ഞ് നെല്‍സണ്‍. രജിനികാന്തിനേയും വിജയ്‌യേയും ഒന്നിച്ച് സ്‌ക്രീനില്‍ കാണുന്നതിനെ പറ്റി ആലോചിച്ചിട്ടുണ്ടെന്ന് നെല്‍സണ്‍ പറഞ്ഞു. ഇരുവരേയും ഒന്നിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും എന്നാല്‍ ആ കോമ്പിനേഷന്‍ മാരകമായിരിക്കുമെന്നും നെല്‍സണ്‍ പറഞ്ഞു. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവരെ രണ്ട് പേരെയും ഒന്നിച്ച് കൊണ്ടുവന്നാല്‍ എങ്ങനെയിരിക്കും എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അവരുടെ രണ്ട് പേരുടെയും ബോഡി ലാംഗ്വേജും നേച്ചറും എനിക്കിഷ്ടമാണ്. ആ ഒത്തുചേരലിന് വലിയ സ്വാഗുണ്ടാവും. ജയിലറിന്റെ സമയത്ത് എനിക്കത് ഫീല്‍ ചെയ്യാന്‍ സാധിച്ചു.
സ്‌ക്രിപ്റ്റില്‍ അവരുടെ രണ്ട് പേരുടെയും ഇമേജ് നിലനിര്‍ത്തുന്നത് കഠിനമായിരിക്കും. എന്നാല്‍ ആ ഓണ്‍സ്‌ക്രീന്‍ കോമ്പിനേഷന്‍ മാരകമായിരിക്കും,’ നെല്‍സണ്‍ പറഞ്ഞു. ജയിലറിനും ബീസ്റ്റിനും കോലമാവ് കോകിലക്കും രണ്ടാം ഭാഗം ആലോചനയുണ്ടെന്ന് നെല്‍സണ്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
അതേസമയം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ജയിലര്‍. മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ജയിലര്‍. പ്രമുഖ ട്രാക്കര്‍മാരെല്ലാം ഈ കണക്കുകള്‍ ശരി വെക്കുന്നുണ്ട്.
കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 5.5 കോടി രൂപ ചിത്രം ആദ്യ ദിനം സ്വന്തമാക്കിയിരുന്നു. വിജയ്ക്കും കമല്‍ഹാസനും ശേഷം കേരളത്തില്‍ നിന്ന് ആദ്യ ദിനത്തില്‍ 5 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്ന നടന്‍ എന്ന റെക്കോഡും രജിനികാന്ത് ഇതിലൂടെ സ്വന്തമാക്കി. വിദേശത്തും ജയിലറിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലെത്തിയത്.
Content Highlight: Nelson talks about his wish to do a film with Rajinikanth and Vijay