| Tuesday, 15th August 2023, 11:02 am

മുത്തുവേല്‍ പാണ്ഡ്യനെ ജയിലര്‍ ആക്കാനുള്ള കാരണം ഇതാണ്: നെല്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെല്‍സണ്‍ ദിലിപ് കുമാര്‍ ചിത്രം ജയിലറിനെ തിയേറ്ററുകളില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. സിനിമയില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്.

എന്തുകൊണ്ടാണ് രജിനികാന്തിന്റെ കഥാപാത്രം ജയിലര്‍ ആയത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നെല്‍സണ്‍.

ചിത്രത്തിന്റെ റിലീസിന് ശേഷം ‘ഓപ്പണ്‍ പന്നാ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജയിലര്‍മാരുടെ ജീവിതം നോക്കിയാല്‍ അറിയാം അവരെല്ലാം കുറെ വര്‍ഷങ്ങളായി കഠിന ഹൃദയമായി ജീവിക്കുന്നവര്‍ ആണെന്നും, സകല കള്ളത്തരങ്ങളും ക്രിമിനല്‍ സ്വഭാവം ഉള്ളവരും ജയിലില്‍ വരുമ്പോള്‍ അവരുടെയെല്ലാം കാര്യങ്ങള്‍ ജയിലറിന് അറിയാന്‍ കഴിയുമെന്നും നെല്‍സണ്‍ പറയുന്നു.


രജിനികാന്തിന്റെ കഥാപാത്രത്തെ ജയിലര്‍ ആയി പ്ലെയിസ് ചെയ്യാനുള്ള കാരണം ഇതാണെന്നാണ് നെല്‍സണ്‍ പറയുന്നത്.

‘ഒരു ജയിലര്‍ ആയിരിക്കുമ്പോള്‍ എല്ലാതരം ക്രിമിനലുകളെയും അയാള്‍ കണ്ടു കാണും, അത് മാത്രമല്ല ഒരുപാട് ബന്ധങ്ങള്‍ ക്രിമിനലുകളുമായും, അല്ലാതെയും ഉണ്ടാകും. എങ്ങനെയും അതിനെ പ്ലെയിസ് ചെയ്യാം അതുകൊണ്ടാണ് ജയിലര്‍ എന്നതിലേക്ക് ആ കഥാപാത്രം എത്തിയത്,’ നെല്‍സണ്‍ പറഞ്ഞു.

അതേസമയം സകല കളക്ഷന്‍ റെക്കോഡുകളും തിരുത്തി മുന്നേറുകയാണ് ജയിലര്‍. ചിത്രത്തിന്റെ അഞ്ച് ദിവസത്തെ തമിഴ്‌നാട്ടില്‍ നിന്ന് മാത്രമുള്ള ഗ്രോസ് 122.83 കോടി രൂപയാണ്.

ആന്ധ്രയിലും തെലങ്കാനയിലും നിന്നായി 30 കോടി രൂപയും, കേരളത്തില്‍ നിന്ന് 23.65 കോടിയും ചിത്രം നാല് ദിവസം കൊണ്ട് സ്വന്തമാക്കിയിരുന്നു. കര്‍ണാടകയില്‍ നിന്ന് ചിത്രത്തിന് നാല് ദിവസം കൊണ്ട് നേടാനായത് 26.5 കോടി രൂപയാണ്. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് ജയിലര്‍ 4.8 കോടി രൂപയും സ്വന്തമാക്കി.

കേരളത്തില്‍ ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം റിലീസ് ചെയ്ത ശേഷമുള്ള ആദ്യത്തെ ഞായറാഴ്ച ചിത്രം 6.85 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. തിങ്കളാഴ്ച ചിത്രം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുന്നതെയുള്ളൂ.

വിദേശത്തും ജയിലറിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. വമ്പന്‍ കളക്ഷനാണ് രജിനി ചിത്രം വിദേശ രാജ്യങ്ങളിലും സ്വന്തമാക്കുന്നത്.

ഇന്നത്തെ സ്വാതന്ത്ര്യ ദിന അവധിയും ചിത്രത്തിന് ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Nelson says the reason for placement of rajani character as jailer in the movie
We use cookies to give you the best possible experience. Learn more