തമിഴിലെ പ്രശസ്ത മീഡിയയായ ഗലാട്ട മീഡിയ എല്ലാ വര്‍ഷവും നടത്തിവരുന്ന അവാര്‍ഡ് ചടങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 2023ലെ അവാര്‍ഡ് വേദിയില്‍ ആരാലും ശ്രദ്ധിക്കാതിരുന്ന മിണ്ടാതെ വന്ന സംവിധായകനായിരുന്നു നെല്‍സന്‍. ബീസ്റ്റ് എന്ന വിജയ് ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതും മോശം പ്രതികരണം ലഭിച്ചതു കൊണ്ടും അന്ന് ആരും നെല്‍സനെ ശ്രദ്ധിച്ചിരുന്നില്ല. തന്റെ സുഹൃത്തും അഭിനേതാവുമായ റെഡിന്‍ കിങ്സ്ലിയോടൊപ്പമാണ് അന്ന് നെല്‍സന്‍ വികടന്‍ അവാര്‍ഡ് വേദിയില്‍ വന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ് ഫങ്ഷന് അംഗരക്ഷരോടൊപ്പം വന്ന് സൗത്ത് ഇന്‍ഡ്യന്‍ ട്രെന്‍ഡ് സെറ്റര്‍ അവാര്‍ഡ് നേടിയാണ് നെല്‍സന്‍ തന്റെ മധുരപ്രതികാരം വീട്ടിയത്. ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ രജിനി ചിത്രം ജയിലറാണ് നെല്‍സനെ അവാര്‍ഡിനര്‍ഹനാക്കിയത്. രണ്ട് വര്‍ഷത്തെയും അവാര്‍ഡ് ചടങ്ങിന്റെ വീഡിയോക്ക് ജയിലറിലെ ഹുക്കും എന്ന പാട്ട് വെച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്. ഈ അവാര്‍ഡിന് ഏറ്റവും വലിയ നന്ദി പറയേണ്ടത് രജിനിക്കാണെന്ന് അവാര്‍ഡിന് ശേഷം നെല്‍സണ്‍ പറഞ്ഞു.
‘മികച്ച നവാഗത സംവിധായകനുള്ള ഗലാട്ട അവാര്‍ഡാണ് ഇതിന് മുമ്പ് എനിക്ക് ലഭിച്ചത്. ഇപ്പോള്‍ വീണ്ടുമൊരു അവാര്‍ഡ്, അതും ജയിലറിന് തന്നെയാണ് ലഭിച്ചത്. ഇതിന് ആദ്യം നന്ദി പറയേണ്ടത് രജിനി സാറിനോടാണ്. അദ്ദേഹം എന്റെ മേലെ വെച്ച കോണ്‍ഫിഡന്‍സും എനിക്ക് തന്ന സപ്പോര്‍ട്ടുമാണ് ഈ വിജയത്തിന് കാരണം. അതുപോലെ സണ്‍ പിക്‌ചേഴ്‌സിനും, കലാനിധി മാരന്‍ സാറിനും നന്ദി അറിയിക്കുന്നു. അനിരുദ്ധ്, അതുപോലെ ഈ സിനിമയില്‍ അഭിനയിച്ച മറ്റ് താരങ്ങള്‍, അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ വിജയം,’ നെല്‍സണ്‍ പറഞ്ഞു.
സൗത്ത് ഇന്ത്യയിലെ മൂന്ന് ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ താരങ്ങളെ വെച്ച് ചെയ്ത സിനിമയാണ് ജയിലര്‍. കന്നഡയില്‍ നിന്ന് ശിവരാജ് കുമാറും, മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ചെയ്ത അതിഥിവേഷം തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേഡ് ജയിലറായാണ് രജിനി ഈ ചിത്രത്തിലെത്തിയത്. 650 കോടിക്കു മുകളില്‍ ചിത്രം കളക്ട് ചെയ്തു. ജയിലറിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlight: Nelson’s comeback in an award function going viral in social media